പട്ന: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വോട്ട് അധികാർ യാത്രയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നേരെ അധിക്ഷേപ പരാമർശം. വോട്ട് അധികാറിന്റെ ഭാഗമായി നടന്ന പ്രസംഗത്തിലാണ് പ്രധാനമന്ത്രിയെയും അമ്മയെയും അധിക്ഷേപിച്ചുള്ള പരാമർശം. സ്റ്റേജിൽ നിന്നുകൊണ്ടായിരുന്നു കോൺഗ്രസ് നേതാവിന്റെ പരാമർശം. ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
സംഭവത്തിന് പിന്നാലെ കോൺഗ്രസ് നേതൃത്വത്തെയും നേതാക്കളെയും വിമർശിച്ച് ബിജെപി രംഗത്തെത്തി. പ്രധാനമന്ത്രിയെ അധിക്ഷേപിച്ചതിന് മാപ്പ് പറയണമെന്ന് ബിജെപി നേതാക്കൾ പറഞ്ഞു. മറ്റുള്ളവരെ വേദനിപ്പിക്കുന്നതിൽ ആഹ്ലാദം കണ്ടെത്തുന്ന നേതാവായി രാഹുൽ മാറിയെന്ന് ബിജെപി എംപി സംപിത് പത്ര വിമർശിച്ചു.
കോൺഗ്രസിന് മാന്യത നഷ്ടമായിരിക്കുന്നു. എത്രയോ വർഷങ്ങളായി അധികാരത്തിൽ നിന്നും പുറത്ത് നിൽക്കുന്നതിനാൽ കോൺഗ്രസ് ഒരു തെരുവ് റൗഡി പാർട്ടിയായി മാറിയിരിക്കുന്നു. കോൺഗ്രസ് അധിക്ഷേപത്തിന്റെ രാഷ്ട്രീയമാണ് ഇപ്പോൾ കൈക്കൊള്ളുന്നത്. കാരണം ഒരിക്കലും അധികാരത്തിലേക്ക് തിരിച്ചെത്താൻ കഴിയില്ലെന്ന് അവർക്ക് അറിയാമെന്നും സംപിത് പത്ര പറഞ്ഞു.















