വാഷിംങ്ടൺ: വിദേശ രാജ്യങ്ങളിൽ ഇറക്കുമതി തീരുവ വർദ്ധിപ്പിച്ച യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ നടപടിയെ വിമർശിച്ച് മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സുള്ളിവൻ. ഇന്ത്യ- യുഎസ് ബന്ധം വളർത്താനാണ് വർഷങ്ങളായി തങ്ങൾ പ്രവർത്തിച്ചിരുന്നതെന്നും എന്നാൽ ട്രംപിന്റെ തീരുവ പ്രഖ്യാപനങ്ങൾ ആ ബന്ധത്തിൽ വിള്ളൽ വരുത്തിയെന്നും അദ്ദേഹം പ്രതികരിച്ചു. സോഷ്യൽമീഡിയയിൽ പങ്കിട്ട വീഡിയോയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഡോണാൾഡ് ട്രംപിന്റെ തീരുവനയം കാരണം ചൈനയ്‌ക്കൊപ്പം ചർച്ച നടത്താനും ചൈനയുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനും ഇന്ത്യ നിർബന്ധിതരായി. ഇത് വർഷങ്ങളോളം യുഎസിന് ദോഷം ചെയ്യും. ബന്ധം കെട്ടിപ്പടുക്കാൻ നമ്മൾ ശ്രമിച്ചിരുന്ന ഇന്ത്യ ഇന്ന് ചൈനയുമായി കൂടുതൽ അടുക്കുന്നു.
അമേരിക്കൻ ബ്രാൻഡിന് ഇന്ന് ഒരു വിലയുമില്ല. അമേരിക്കൻ ബ്രാൻഡിന്റെ പ്രശസ്തിക്ക് കോട്ടം വരുത്തിയിരിക്കുകയാണ് ട്രംപ്. മറ്റ് രാജ്യങ്ങളിലെ നേതാക്കൾ യുഎസിനെ കുറിച്ച് പരിഹാസത്തോടെയാണ് സംസാരിക്കുന്നത്.
യുഎസ് മുൻ പ്രസിഡന്റ് ബരാക് ഒബാമയുടെ ഭരണത്തിലെ പോളിസി ഡയറക്ടറായിരുന്നു സുള്ളിവൻ. തീരുവ വർദ്ധിപ്പിക്കുന്നതിന് പിന്നാലെ യുഎസ് നേരിടേണ്ടിവരുന്ന പ്രതിസന്ധികളെ കുറിച്ച് അദ്ദേഹം എടുത്തുപറഞ്ഞു. ട്രംപിന്റെ നീക്കങ്ങൾ കാരണം യുഎസിനെ മോശമായാണ് ആളുകൾ കാണുന്നത്. ട്രംപിന്റെ തീരുവനയം കാരണം ഇന്ത്യ-ചൈന ബന്ധം കൂടുതൽ ശക്തമാകാൻ സാധ്യതയുണ്ടെന്നും ജേക്ക് സുള്ളിവൻ കൂട്ടിച്ചേർത്തു.















