ന്യൂഡൽഹി: കിഴക്കൻ അഫ്ഗാനിസ്ഥാനിലുണ്ടായ ശക്തമായ ഭൂകമ്പത്തിൽ 600 പേർ മരിച്ചു. കിഴക്കൻ അഫ്ഗാനിസ്ഥാനിലെ കുനാർ പ്രവിശ്യയിൽ കഴിഞ്ഞ ദിവസം വൈകുന്നേരമാണ് ഭൂകമ്പമുണ്ടായത്. അപകടത്തിൽ 500-ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഭൂകമ്പത്തിന്റെ ആഘാതം സമീപപ്രദേശങ്ങളെയും സാരമായി ബാധിച്ചതായാണ് വിവരം. സ്ഥലത്ത് ദേശീയ-സംസ്ഥാന ദുരന്ത നിവാരണസേനയെ വിന്യസിച്ചു.
ജലാലാബാദ് നഗരത്തിലെ വിവിധ സ്ഥലങ്ങളെ ഭൂചലനം ബാധിച്ചു. റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. നൂർ ഗുൽ, സോക്കി, വാട്പൂർ, മനോഗി, ചപദാരെ തുടങ്ങിയ ജില്ലകളിലുള്ളവരാണ് മരണപ്പെട്ടത്. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നാണ് വിവരം.
പ്രദേശവാസികളും സൈനികരുമാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. ഏറ്റവുമധികം നാശനഷ്ടമുണ്ടായ പ്രദേശങ്ങളിലാണ് രക്ഷാപ്രവർത്തനം നടന്നത്. കുനാർ പ്രവിശ്യയിലെ മൂന്ന് ഗ്രാമങ്ങൾ പൂർണമായും തകർന്നു. പരിക്കേറ്റ 500-ലധികം ആളുകളെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.















