ഇടുക്കി: തൊടുപുഴ അഗ്നിശമന സേനയിൽ പന്നി മാംസത്തിനും ഹലാൽ ഇതര മാംസങ്ങൾക്കും നിരോധനമെന്നു പരാതി ഉയർന്ന സംഭവത്തിൽ
അന്വേഷണ റിപ്പോർട്ട് വൈകുന്നു. മെസിൽ പന്നിക്കറി വച്ചതിനെ ഒരു വിഭാഗം ജീവനക്കാർ എതിർത്തതിന് പിന്നാലെയാണ് പന്നി മാംസത്തിനും ഹലാൽ ഇതര മാംസങ്ങൾക്കും നിരോധനം ഏർപ്പെടുത്തിയത്. എന്നാൽ വിഷയം നിസ്സാരവൽക്കരിക്കാൻ ഉന്നത ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് നീക്കം നടക്കുന്നതായി സൂചനയുണ്ട്.
നിലയ തലവനെയും എ എസ് റ്റി ഓ യും മാറ്റിനിർത്തി അന്വേഷണം വേണമെന്നാണ് മറ്റുള്ള ഉദ്യോഗസ്ഥരുടെ ആവശ്യം. നിലയത്തലവൻ മൂവാറ്റുപുഴ അഗ്നിശമനസേനയിൽ ഇരിക്കെ സമാനമായ വിഷയം ഉണ്ടാക്കിയ ആളാണെന്ന് പരാതിയിലുണ്ട്. 2022 – 2024 കാലഘട്ടത്തിലും തൊടുപുഴ സ്റ്റേഷനിൽ സമാനമായ സംഭവം ഉണ്ടായിരുന്നു. ഉന്നത ഉദ്യോഗസ്ഥരെ സ്വാധീനിച്ച് ഇതുമായി ബന്ധപ്പെട്ട അന്വേഷണം അട്ടിമറിച്ചതായും ആരോപണമുണ്ട്.
പന്നി മാംസവും ഹലാൽ ഇതര മാംസങ്ങളും നിരോധിക്കാൻ തീരുമാനമെടുത്തപ്പോൾ മറ്റുള്ളവരെ പ്രീതിപ്പെടുത്താൻ തന്ത്ര പൂർവ്വം ബീഫിനും നിരോധനം ഏർപ്പെടുത്തി. റിക്രിയേഷൻ ക്ലബ് മീറ്റിംഗ് കൂടിയാണ് തീരുമാനമെടുത്തത്. ഇക്കാര്യങ്ങൾ മിനിറ്റിൽ രേഖപ്പെടുത്തുകയും ചെയ്തു.
നിലയത്തിൽ ടി എച്ച് സാദിഖ്, ഗ്രേഡ് എ എസ് റ്റി ഓ ജാഫർ ഖാൻ എന്നിവർ തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുകയായിരുന്നു എന്നാണ് പരാതി ഉയരുന്നത്. സംഭവത്തിൽ പരാതി ഉയർന്നതിന് പിന്നാലെ ഇടുക്കി ജില്ല ഫയർ ഓഫീസർ അന്വേഷണം നടത്തിവരികയാണ്.















