ന്യൂഡൽഹി: എസ് സി ഒ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിൻ. ചർച്ചയിൽ ഇന്ത്യയ്‌ക്ക് നൽകുന്ന ക്രൂഡ് ഓയിലിന്റെ വില കുറയ്‌ക്കാൻ തീരുമാനമായി. ക്രൂഡ് ഓയിൽ ബാരലിന് മൂന്ന് മുതൽ നാല് ഡോളർ വരെ വിലക്കിഴിവാണ് നൽകുന്നത്.
നിലവിൽ ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്ന ക്രൂഡ് ഓയിലിന്റെ വില ഇതിനോടകം കുറച്ചിട്ടുണ്ടെന്ന് വിദേശമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രധാനമന്ത്രിയും പുടിനും തമ്മിലുള്ള നിർണായക ചർച്ചകൾക്ക് ശേഷമാണ് ഇക്കാര്യം പുറത്തുവന്നത്.
റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിന്റെ പ്രതികാരമായാണ് യുഎസ് ഇറക്കുമതി തീരുവ വർദ്ധിപ്പിച്ചത്. ഇറക്കുമതി തീരുവ 50 ശതമാനമായി വർദ്ധിപ്പിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഷാങ്ഹായ് സഹകരണ സംഘടനയുടെ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി ചൈനയിലെത്തിയത്. ചൈനയിൽ പ്രസിഡന്റ് ഷി ജിൻപിംങുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു.















