ന്യൂഡൽഹി: പാകിസ്ഥാന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഭീകരസംഘടനകളായ ടിആർഎഫിന് വിദേശഫണ്ട് ലഭിച്ചിട്ടുണ്ടെന്ന് എൻഐഎ കണ്ടെത്തൽ. ഭീകര പ്രവർത്തനങ്ങൾ നടത്തുന്നതിനായി മലേഷ്യ, ഗൾഫ് എന്നിവിടങ്ങളിൽ നിന്നാണ് ഫണ്ട് ലഭിച്ചതെന്ന് അന്വേഷണസംഘം കണ്ടെത്തി. ജമ്മുകശ്മീരിലെ ജനവാസമേഖലകളിൽ ഭീകരാക്രമണങ്ങൾ നടത്താൻ ലഷ്കർ ഭീകരരുടെ ഭാഗമായി പ്രവർത്തിക്കുന്ന ടിആർഎഫ് ശ്രമിച്ചിട്ടുണ്ട്.
കഴിഞ്ഞ മാസം ശ്രീനഗറിലെ ഹന്ദ്വാരയിലും മറ്റ് രണ്ട് സ്ഥലങ്ങളിലും എൻഐഎ നടത്തിയ റെയ്ഡുകളിൽ ഭീകരവാദത്തിന് ധനസഹായം നൽകിയതുമായി ബന്ധപ്പെട്ട് നിരവധി രേഖകൾ പിടിച്ചെടുത്തു. പണം ട്രാൻസ്ഫർ ചെയ്തതിന്റെ നിർണായക തെളിവുകളും കണ്ടെത്തിയിരുന്നു. കശ്മീർ പൊലീസാണ് കേസ് ആദ്യം അന്വേഷിച്ചിരുന്നത്. ഇത് പഹൽഗാം ആക്രമണത്തിന് ശേഷം എൻഐഎ ഏറ്റെടുക്കുകയായിരുന്നു.
വിവിധയിടങ്ങളിൽ നടത്തിയ പരിശോധനയിൽ എൻഐഎ കണ്ടെത്തിയ മൊബൈൽ ഫോണുകൾ വിശദമായ പരിശോധനയ്‌ക്ക് അയച്ചിട്ടുണ്ട്. ഭീകരരുമായി ബന്ധപ്പെട്ട 463 കോൾ റെക്കോർഡുകളും കണ്ടെത്തി. മലേഷ്യയിൽ നിന്ന് ഒമ്പത് ലക്ഷം രൂപ കശ്മീരിലെ ടിആർഎഫിന് എത്തിച്ചതായി എൻഐഎ സംഘം കണ്ടെത്തി. സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകൾ ഉപയോഗിച്ചാണ് സംഘം പണമിടപാടുകൾ നടത്തിയിരുന്നത്.
2008-ലെ മുംബൈ ആക്രമണം ഉൾപ്പെടെ നിരവധി ഭീകരാക്രമണ പദ്ധതികൾ ആസൂത്രണം ചെയ്ത ലഷ്‌കർ കമാൻഡർ സാജിദ് മിറുമായി ടിആർഎഫ് ഫണ്ടിംഗ് നടത്തിയതായാണ് വിവരം.















