എറണാകുളം: വയോധികന്റെ കണ്ണിൽ നിന്ന് 10 സെന്റിമീറ്റർ നീളമുള്ള വിരയെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. കണ്ണിൽ വീക്കം ഉണ്ടായതിനെ തുടർന്നാണ് വയോധികൻ പാലക്കാട് ഒറ്റപ്പാലത്തുള്ള താലൂക്ക് ആശുപത്രിയിൽ എത്തിയത്. ഇവിടെ നടന്ന വിശദപരിശോധനയിലാണ് കണ്ണിൽ വിരയെ കണ്ടെത്തിയത്. തുടർന്ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കുകയായിരുന്നു.
എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് വയോധികൻ ആദ്യം പോയത്. എന്നാൽ അസ്വഭാവികതയൊന്നും ഇല്ലെന്ന് പറഞ്ഞ് മടക്കി അയയ്‌ക്കുകയായിരുന്നു. ഇതിന് ശേഷമാണ് ഒറ്റപ്പാലത്തെ താലൂക്ക് ആശുപത്രിയെ കുറിച്ച് വിവരം ലഭിച്ചത്. ഇതേ ലക്ഷണങ്ങളോടെ വന്ന മൂന്നര വയസുകാരിയുടെ കണ്ണിൽ നിന്ന് വിരയെ പുറത്തെടുത്തിരുന്നു. ഇതോടെ വയോധികൻ താലൂക്ക് ആശുപത്രിയെ സമീപിച്ചു.
നേത്രശസ്ത്രക്രിയാ വിഭാഗത്തിലെ ഡോക്ടർമാരായ എം അരുണിമ, ടി വി സിത്താര എന്നിവരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടന്നത്. മൈക്രോസ്കോപ്പിലൂടെയുള്ള പരിശോധനയിലാണ് കൺപോളയുടെ ഉള്ളിൽ വിരയുണ്ടെന്ന് കണ്ടെത്തിയത്.















