ധർമ്മസ്ഥല വ്യാജ പ്രചരണക്കേസിൽ ലോറിയുടമ മനാഫിന് കുരുക്ക് മുറുകുന്നു. വെള്ളിയാഴ്ച രാവിലെ ചോദ്യം ചെയ്യലിന് ഹാജരാകാൻ കർണ്ണാടക എസ്എടി നോട്ടീസ് നൽകി. മൊബൈലും ലാപ്ടോപ്പും അടക്കം എല്ലാ ഇലക്ട്രോണിക് തെളിവുകളും രേഖകളും സഹിതം ജിതേന്ദ്ര കുമാർ ഐപിഎസിന് മുന്നിൽ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഹാജരാകാത്തത് ശിക്ഷാ നടപടികൾക്ക് കാരണമായേക്കാം എന്നും നോട്ടീസിൽ മുന്നറിയിപ്പ് നൽകുന്നുണ്ട്.
ധർമ്മസ്ഥല ആക്ഷൻ കമ്മിറ്റിയംഗം എന്ന പേരിൽ ചാനൽ ചർച്ചയിൽ സജീവമായിരുന്നു മനാഫ്. ധർമ്മസ്ഥലയിൽ തമ്പടിച്ചാണ് ഇയാൾ യൂട്യൂബ് വീഡിയോ പടച്ചുവിട്ടത്. ധർമ്മസ്ഥലയെക്കുറിച്ച് ഭീതിപരത്തുന്ന വിവരണങ്ങളാണ് ആദ്യം മുതലേ ഇയാൾ നല്കിയിരുന്നത്. ശുചീകരണ തൊഴിലാളി ചിന്നയ്യയുടെ അറസ്റ്റിന് ശേഷവും ഇയാൾ ധർമ്മസ്ഥല അപ്ഡേറ്റ് എന്ന പേരിൽ വീഡിയോ ചെയ്യുന്നുണ്ട്. താൻ പറഞ്ഞത് കള്ളമാണെന്ന് ചിന്നയ്യ എസ്എടിക്ക് മുൻപാകെ മൊഴി നൽകിയ ശേഷവും മനാഫ് വ്യാജ പ്രചാരണം തുടരുകയായിരുന്നു.
മനാഫിന്റെ ഇടപെടലിലാണ് മലയാള മാദ്ധ്യമങ്ങൾ വിഷയം സജീവമായി ചർച്ച ചെയ്തത്. മാദ്ധ്യമ പ്രവർത്തകർക്ക് താമസവും ഭക്ഷണവും ഒരുക്കി നൽകിയതും ഇയാളായിരുന്നു. നിരവധി യൂട്യൂബ് ചാനലുകളെയും വലിയ തുക നൽകി ഇയാൾ ധർമ്മസ്ഥലയിലേക്ക് കൊണ്ട് പോയിരുന്നു. മകളെ കാണാനില്ലെന്ന് വ്യാജ പരാതി നൽകിയ സുജാത ഭട്ടും മനാഫും തമ്മിൽ അടുത്ത ബന്ധം പുലർത്തിയിരുന്നു. സുജാത ഭട്ട് തന്റെ അണ്ടറിലാണെന്നും മനാഫ് ചാനൽ ചർച്ചയിൽ അവകാശപ്പെട്ടു.
ഷിരൂരിൽ പണ്ട് ലോറി അപകടമുണ്ടായി അർജുൻ എന്ന ലോറി ഡ്രൈവർ മരിച്ച കേസിൽ അർജുന്റെ വീട്ടുകാർ തള്ളിപ്പറഞ്ഞ വ്യക്തികൂടിയാണ് മനാഫ്.















