ന്യൂഡൽഹി: ഇന്ത്യൻ പ്രദേശമായ ലിപുലേഖ് ചുരത്തിൽ നേപ്പാൾ അവകാശവാദം ഉന്നയിച്ചതിൽ യുഎസിന് കയ്യുണ്ടെന്ന് റിപ്പോർട്ട്. യുഎസിന്റെ നയതന്ത്ര- സാമ്പത്തിക ഇടപെടലിനെ തുടർന്നാണ് നേപ്പാളിൻറ പുതിയ പ്രസ്താവനയെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ട്രംപ് അധികാരം ഏറ്റെടുത്തതിന് പിന്നാലെ നേപ്പാളിൽ യുഎസ്എഐഡി ധനസഹായത്തോടെ നടപ്പാക്കുന്ന വികസന പദ്ധതികൾ അമേരിക്ക നിർത്തിവച്ചിരുന്നു. ആരോഗ്യം, കൃഷി, വിദ്യാഭ്യാസം ഉൾപ്പെടെ കോടിക്കണിക്കിന്റെ ഡോളറിന്റെ പദ്ധതികളാണ് മരവിപ്പിച്ചത്. എന്നാൽ ചില നിബന്ധനകളുടെ മേൽ ധനസഹായം വീണ്ടും പുനഃസ്ഥാപിച്ചെന്നാണ് വിവരം. യുഎസുമായി ബന്ധപ്പെട്ട സംഘടനകളായ ഇന്റർനാഷണൽ ഫിനാൻസ് കോർപ്പറേഷൻ (IFC), ബ്രിട്ടീഷ് ഇന്റർനാഷണൽ ഇൻവെസ്റ്റ്‌മെന്റ് (BII), മെറ്റ്‌ലൈഫ് എന്നിവയുമായി നേപ്പാൾ 60 മില്യൺ ഡോളറിന്റെ ഗ്രീൻ ബോണ്ട് കരാറും ഒപ്പുവച്ചിട്ടുണ്ട്.
നേപ്പാളും ഇന്ത്യയും അവകാശപ്പെടുന്ന ഒരു ട്രൈ-ജംഗ്ഷൻ മേഖലയിലാണ് ലിപുലേഖ് ചുരം സ്ഥിതി ചെയ്യുന്നത്. 2020 ജൂൺ 18-നാണ് തന്ത്രപ്രധാനമായ ലിപുലേഖ്, കാലാപാനി, ലിമ്പിയാധുര പ്രദേശങ്ങൾ ഉൾപ്പെടുത്തി നേപ്പാൾ രാഷ്‌ട്രീയ ഭൂപടം പുതുക്കിയത്. ഭരണഘടനയിൽ ഭേദഗതി വരുത്തിയാണ് ഇത് ചെയ്തത്.
ആഴ്ചകൾക്ക് മുമ്പ് ഇന്ത്യ- ചൈന അതിർത്തി വ്യാപാരം ലിപുലേഖ് വഴി പുനരാംരംഭിക്കാൻ തിരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശക്തമായ എതിർപ്പുമായി നേപ്പാൾ രംഗത്തെത്തിയത്. എന്നാൽ നേപ്പാളിന്റെ അവകാശവാദങ്ങൾക്ക് ചരിത്രപരവും വസ്തുതാപരവുമായ അടിസ്ഥാനമില്ലെന്ന് അന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു.
ഇന്ത്യയും ചൈനയും തമ്മിൽ ലിപുലേഖ് ഉൾപ്പെടുന്ന ചരിത്രപരമായ ഒരു ഉഭയകക്ഷി വാണിജ്യ കരാറുണ്ട്. 1954 മുതൽ പാതയിലൂടെ ഇരുരാജ്യങ്ങളും തമ്മിൽ വ്യാപാരം നടത്തിയിരുന്നു. കോവിഡിന് പിന്നാലെയാണ് വ്യാപാരം നിർത്തിവച്ചത്.















