കോഴിക്കോട്: ധർമ്മസ്ഥല വ്യാജ വെളിപ്പെടുത്തൽ കേസുമായി ബന്ധപ്പെട്ട് പൊലീസ് സുരക്ഷ ആവശ്യപ്പെട്ട് ലോറിയുടമ മനാഫ്. തന്റെ ജീവന് ഭീഷണിയുണ്ടെന്നും പൊലീസ് സംരക്ഷണം നൽകണമെന്നും മനാഫ് പൊലീസ് കമ്മീഷണറോട് ആവശ്യപ്പെട്ടു. പൊലീസ് സംരക്ഷണം നൽകുമെന്ന് കമ്മീഷണർ അറിയിക്കുകയും ചെയ്തിട്ടുണ്ട്.
ധർമസ്ഥലയിൽ ഒരുപാട് ആളുകൾ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് മനാഫ് ആവർത്തിച്ചു. സത്യം തെളിയണമെന്ന് മാത്രമാണ് തന്റെ ആവശ്യമെന്നും ഒരുപക്ഷേ താൻ അറസ്റ്റിലായേക്കാമെന്നും മനാഫ് പറഞ്ഞു. പ്രത്യേക പൊലീസ് സംരക്ഷണയിൽ അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകുമെന്ന് മനാഫ് കൂട്ടിച്ചേർത്തു.
ധർമ്മസ്ഥലയിലെ കൊലപാതകങ്ങളെ കുറിച്ച് നിരവധി വീഡിയോകൾ മനാഫ് യൂട്യൂബിൽ പങ്കുവച്ചിരുന്നു. വ്യാജ ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം നേരിടുന്ന ജയന്തിനൊപ്പമാണ് മനാഫ് വീഡിയോകൾ പങ്കുവച്ചത്.
വരുന്ന തിങ്കളാഴ്ച മനാഫിനെ ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് എസ്എടി മനാഫിന് നോട്ടീസ് നൽകിയിരുന്നു. മൊബൈൽ അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ ഹാജരാക്കാനും അന്വേഷണ സംഘം ആവശ്യപ്പെട്ടു.സഹകരിക്കാത്ത പക്ഷം ക്രിമിനൽ നടപടികളിലേക്ക് കടക്കുമെന്നും മുന്നറിയിപ്പും നൽകിയിരുന്നു. എന്നാൽ ഓണത്തിന്റെ പേര് പറഞ്ഞ് മനാഫ് ചോദ്യം ചെയ്യലിന് ഹാജരായില്ല. ഇതോടെയാണ് തിങ്കളാഴ്ച ചോദ്യം ചെയ്യാൻ എസ്എടി തീരുമാനിച്ചത്.















