പാലക്കാട്: ബെവ്കോ ഔട്ട്ലെറ്റിൽ വൻ മോഷണം. മദ്യശാലയുടെ ചുവർ കുത്തിപ്പൊളിച്ചാണ് മോഷ്ടാക്കൾ മദ്യം കവർന്നത്. പാലക്കാട് കൊല്ലങ്കോടാണ് സംഭവം. ലക്ഷങ്ങൾ വിലമതിക്കുന്ന മദ്യമാണ് മോഷണം പോയത്. സംഭവത്തിൽ പ്രദേശവാസിയായ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മറ്റ് രണ്ട് പേർക്കായി തെരച്ചിൽ ഊർജ്ജിതമാക്കി.
മോഷ്ടാക്കളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പുലർച്ചെയോടെയാണ് മോഷണം നടന്നത്. ബെവ്കോ ഔട്ട്ലെറ്റിന് പുറകെ വശത്തെ മതിൽ ചാടിക്കടന്നു. തുടർന്ന് ഒരാൾ കയറാൻ പാകത്തിന് ചുമർ തുരക്കുന്നു. ഇത് തുരന്ന് മാറ്റിയ ശേഷം ഒരാൾ അകത്തേക്ക് പ്രവേശിച്ചു. പിന്നീട് ചാക്ക് കണക്കിന് മദ്യം കൈക്കലാക്കുകയും പുറത്തുണ്ടായിരുന്ന മറ്റ് രണ്ട് പേർക്ക് എത്തിച്ചുനൽകുകയും ചെയ്തു. പത്തിലധികം ചാക്കുകളിലായി മദ്യം മോഷ്ടിച്ചുകൊണ്ടുപോയി. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്.
വിവിധ ബ്രാൻഡുകളിലുള്ള മദ്യമാണ് സംഘം പുറത്തേക്ക് എത്തിച്ചത്. മോഷ്ടാക്കൾ കൈക്കലാക്കിയ രണ്ട് ചാക്കുകൾ അടുത്തുള്ള പറമ്പിൽ നിന്ന് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടത്താനാണ് പൊലീസിന്റെ തീരുമാനം.















