വാഷിംങ്ടൺ: വെനസ്വേലയുടെ സൈന്യത്തിന് നേരെ യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ മുന്നറിയിപ്പ്. വെനസ്വേലയുടെ സൈനികവിമാനങ്ങൾ ഇനിയും യുഎസ് നാവിക കപ്പലുകൾക്ക് മുകളിലൂടെ പറന്നാൽ വെടിവച്ചിടുമെന്ന് ട്രംപ് പറഞ്ഞു. സ്ഥിതിഗതികൾ ഇനിയും വഷളാവുകയാണെങ്കിൽ എന്തും ചെയ്യാനുള്ള നിർദേശം മുതിർന്ന ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുണ്ടെന്നും ട്രംപ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസങ്ങളിൽ യുഎസിന്റെ കപ്പലിന് മുകളിലൂടെ വെനസ്വേലയുടെ സൈനിക വിമാനങ്ങൾ പറന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ട്രംപ് മുന്നറിയിപ്പ് സന്ദേശം നൽകിയത്.
വെനസ്വേലയിൽ നിന്നും മയക്കുമരുന്ന് കടത്തുന്നുണ്ടെന്ന് ആരോപിച്ച് വെനസ്വേലയുടെ കപ്പലുകൾ യുഎസ് ആക്രമിച്ചിരുന്നു. കപ്പലിലുണ്ടായിരുന്ന 11 പേർ കൊല്ലപ്പെടുകയും ചെയ്തു. ഇതിന്റെ പിന്നാലെയാണ് വെനസ്വേലയുടെ സൈനിക വിമാനങ്ങൾ യുഎസ് യുദ്ധക്കപ്പലിന് മുകളിലൂടെ പറന്നത്. എന്നാൽ, യുഎസിന്റെ ആരോപണങ്ങൾ വെനസ്വേല പ്രസിഡന്റ് നിക്കോളസ് മഡൂറോ തള്ളിക്കളഞ്ഞു. യുഎസിന്റെ ആരോപണങ്ങള്‍ ശരിയല്ലെന്നും തങ്ങൾ യുഎസുമായി എപ്പോഴും ചർച്ചയ്‌ക്ക് തയാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.















