തിരുവനന്തപുരം: മദ്യലഹരിയിലുണ്ടായ തർക്കത്തിൽ പിതാവ് മകനെ വെട്ടിക്കൊലപ്പെടുത്തി. കഴക്കൂട്ടം ഉള്ളൂർക്കോണത്താണ് സംഭവം. വലിയവിള സ്വദേശി ഉല്ലാസാണ് മരിച്ചത്. സംഭവത്തിൽ ഉല്ലാസിന്റെ പിതാവ് ഉണ്ണികൃഷ്ണനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിലായിരുന്നു ഉല്ലാസിന്റെ മൃതദേഹം. മദ്യപിച്ചുള്ള വാക്കുതർക്കമാണ് കൊലപാതകത്തിന് കാരണമായത്. തർക്കത്തിനിടെ വാൾ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൃത്യത്തിന് ശേഷം പ്രതി തന്നെയാണ് ഇക്കാര്യം മറ്റുള്ളവരെ അറിയിച്ചത്.
സമീപത്തെ വീട്ടിലായിരുന്നു ഉല്ലാസിന്റെ അമ്മ. കൊലപാതകത്തിന് പിന്നാലെ ഉണ്ണികൃഷ്ണൻ ഇവരോട് വിവരം പറയുകയായിരുന്നു. ഉടൻ തന്നെ പോത്തൻകോട് പൊലീസ് എത്തി പ്രാഥമിക അന്വേഷണം നടത്തി. അച്ഛനും മകനും സ്ഥിരമായി മദ്യപിച്ച് ബഹളമുണ്ടാക്കാറുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു.















