അടൂർ : സിപിഎം നേതാക്കളുടെ നിര്‍ദേശ പ്രകാരം ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയെ പൊലീസ് ഇടിച്ചു കൊന്നു എന്ന് കുടുംബം. അടൂരിലെ മേഖലാ സെക്രട്ടറിയായിരുന്ന ജോയലിന്‍റെ കുടുംബമാണ് പരാതിയുമായി രംഗത്തെത്തിയത്. പൊലീസ് മര്‍ദനം തടയാന്‍ ചെന്ന പിതൃ സഹോദരിയെ ക്രൂരമായി മര്‍ദിച്ചെന്നും കുടുംബം പറയുന്നു.
ഒന്നാം പിണറായി സര്‍ക്കാരിന്‍റെ അവസാനകാലത്ത്, 2020 ജനുവരി 1 നാണ് വാഹനം തട്ടിയ തര്‍ക്കത്തില്‍ നെല്ലിമുകള്‍ സ്വദേശി ജോയലിനെ അടൂര്‍ പൊലീസ് സ്റ്റേഷനിലെത്തിച്ച് തല്ലിച്ചതച്ചത്. ഇതിനുശേഷം ഗുരുതരമായ ശാരീരിക പ്രശ്നങ്ങള്‍ ജോയൽ നേരിട്ടു. അഞ്ചുമാസമാണ് ചികിത്സയിൽ തുടര്‍ന്നതെന്നും മൂത്രത്തിൽ പഴുപ്പും ചോരയുമായിരുന്നുവെന്നും ജോയലിന്‍റെ പിതൃ സഹോദരി കെകെ കുഞ്ഞമ്മ പറഞ്ഞു. ശാരീരിക അവശതകളെ തുടർന്ന് 2020 മേയ് 22 നാണ് ജോയൽ മരിച്ചത്.ആ ദിവസവും മൂത്രത്തിലൂടെ മുഴുവൻ പഴുപ്പും ചോരയും പുറത്ത് വന്നുവെന്നും ബന്ധുക്കള്‍ പറയുന്നു. ജോയലിന്‍റെ മരണത്തിന് ശേഷം അഞ്ച് വര്‍ഷമായി കുടുംബം നിയമ പോരാട്ടത്തിലാണ്.
സിപിഎമ്മിന്‍റെ ഇടിയന്‍ പൊലീസ് എന്ന് പേരുകേട്ട സിഐ യു.ബിജുവും സംഘവുമാണ് മര്‍ദിച്ചത്. തടയാന്‍ ചെന്ന പിതൃ സഹോദരി കെ കെ കുഞ്ഞമ്മയേയും തല്ലിച്ചതച്ചു. തന്റെ വയറ്റിൽ സി ഐ ബൂട്ടിട്ട് പലതവണ ചവിട്ടി എന്നും വയറ്റത്ത് ചവിട്ടേറ്റ് മൂത്രം പോയെന്നും കുഞ്ഞമ്മ പറയുന്നു.
ജോയലിനെ മര്‍ദിച്ചതിൽ സിപിഎം നേതാക്കളുടെ പിന്തുണയുണ്ട്. മരിക്കുമ്പോള്‍ ജോയൽ ഡിവൈഎഫ്ഐ അടൂര്‍ മേഖലാ സെക്രട്ടറിയായിരുന്നു. ചില നേതാക്കള്‍ക്കെതിരെ ജോയൽ പ്രതികരിച്ചതാണ് വിരോധത്തിന് കാരണമെന്നും കെകെ കുഞ്ഞമ്മ ആരോപിച്ചു. അന്നത്തെ സിഐ യു ബിജുവും സംഘവും ചേര്‍ന്നാണ് ജോയലിനെ മര്‍ദിച്ചത്. ഇയാൾ പിന്നീട് വിരമിച്ചു. സി.ഐക്ക് പുറമേ ഷിജു പി. സാം, ജയകുമാർ, ശ്രീകുമാർ, സുജിത്ത്, സുരേഷ് എന്നീ പൊലീസുകാരും ജോയലിനെ തല്ലിച്ചതച്ചു. പലതവണ ജോയലിന്റെ തല ചുവരിൽ ഇടിപ്പിച്ചു, ഇടിയേറ്റ് തെറിച്ചുവീണു. കഴുത്തില്‍ അരിവാളും ചുറ്റികയുമുള്ള മാലയുണ്ടായിരുന്നു. ഇത് കണ്ടതും ‘നിന്‍റെ ചുറ്റിക’യെന്ന് പറഞ്ഞ് ജോയലിന്റെ നാഭിക്ക് ചവിട്ടി . ശ്രീകുമാര്‍ എന്ന പൊലീസുകാര്‍ മുട്ടുകൊണ്ട് ഇടിച്ച് ചതച്ചു.
അന്ന് പൊലീസ് വിട്ടയച്ചെങ്കിലും പിന്നീട് അഞ്ച് മാസം ജോയല്‍ ചികില്‍സയിലായിരുന്നു. മെയ് 22ന് അവശനായതോടെ ആശുപത്രിയില്‍ എത്തിച്ചതിന് പിന്നാലെയാണ് മരണം സംഭവിച്ചത്.
മര്‍ദനമുണ്ടായില്ലെന്നും ഹൃദയാഘാതമാണ് ജോയലിന്‍റെ മരണ കാരണമെന്നുമാണ് സിപിഎം അടൂര്‍ ഏരിയ സെക്രട്ടറി പറയുന്നത്. മുഖ്യമന്ത്രിക്കും ഡിജിപിക്കും അടക്കം പരാതി നല്‍കി. വിവരാവകാശ നിയമപ്രകാരം സ്റ്റേഷനിലെ ദൃശ്യങ്ങള്‍ ചോദിച്ചെങ്കിലും ഇതുവരെ ലഭിച്ചിട്ടില്ല.















