തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും അമ്മയെയും അപമാനിച്ച സംഭവത്തിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. പ്രധാനമന്ത്രിയെയും അമ്മയെയും അപമാനിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും അതിന് വേണ്ടിയാണ് ഇത്തരം വ്യാജവീഡിയോകൾ പ്രചരിപ്പിക്കുന്നതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
രാഹുലിന്റെ കീഴിലുള്ള കോൺഗ്രസ് പാർട്ടി ഇന്ന് കള്ളം പറയുന്ന പാർട്ടിയായി മാറിയിരിക്കുന്നു. ഭാരതത്തിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് കോൺഗ്രസ് വ്യാജവീഡിയോകൾ പ്രചരിപ്പിക്കുന്നത്. രാജ്യസേവനമോ ജനസേവനമോ അവരുടെ ഡിഎൻഎയിൽ പോലുമില്ല.
കേരളത്തിലെ കോൺഗ്രസിന്റെ സ്ഥിതിയും ഇത് തന്നെയാണ്. കേരളത്തിൽ കോൺഗ്രസ് എംഎൽഎ സ്ത്രീകൾക്ക് നേരെ ലൈംഗികാതിക്രമം നടത്തുന്നു. കോൺഗ്രസ് എന്നാൽ അഴിമതി പാർട്ടിയാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ബിഹാർ കോൺഗ്രസിന്റെ ഔദ്യോഗിക എക്സ് ഹാൻഡിലിൽ പ്രത്യക്ഷപ്പെട്ട എ ഐ വീഡിയോയാണ് പ്രധാനമന്ത്രിയെയും അമ്മയെയും അപമാനിച്ചത്. പ്രധാനമന്ത്രിയുടെ അമ്മയെ അവഹേളിക്കുന്ന പ്രതിപക്ഷ നേതാവ് രാഹുലിന്റെ പരാമർശത്തിന് പിന്നാലെയാണ് വീണ്ടും കോൺഗ്രസിന്റെ അധിക്ഷേപം.















