ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 75-ാം ജന്മദിനത്തോടനുബന്ധിച്ച് രണ്ടാഴ്ച നീളുന്ന പരിപാടിയുമായി ബിജെപി. ‘സ്വദേശി’, ‘ആത്മനിർഭർ ഭാരത്’ എന്നീ പ്രമേയങ്ങളിലൂന്നിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. പ്രധാനമന്ത്രിയുടെ ജന്മദിനത്തോടനുബന്ധിച്ച് നടത്തപ്പെടുന്ന സേവാ പാക്ഷികത്തിന്റെ സംസ്ഥാന ശില്പശാല കോട്ടയം വെസ്റ്റ് ജില്ലാ ഓഫീസിൽ നടന്നു.
ബിജെപി മേഖലാ പ്രസിഡന്റ് ശ്രീ എൻ. ഹരി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രൻ ശില്പശാല ഉദ്ഘാടനം ചെയ്തു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ സി കൃഷ്ണകുമാർ, സംസ്ഥാന സെക്രട്ടറിമാരായ ശ്രീമതി രേണു സുരേഷ്, ശ്രീ പന്തളം പ്രതാപൻ, കോട്ടയം വെസ്റ്റ് ജില്ലാ പ്രസിഡന്റ് ശ്രീ ലിജിൻ ലാൽ എന്നിവർ സംസാരിച്ചു.
ബിജെപിയുടെ സംസ്ഥാനത്തെ 30 സംഘടന ജില്ലകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ആളുകൾ ശില്പശാലയിൽ പങ്കെടുത്തു. വരുന്ന 17-ന് ആരംഭിച്ച് ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ട് വരെ നീളുന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ‘സേവ പഖ്വാഡ’ എന്ന പേരിലായിരിക്കും പരിപാടി. കേന്ദ്രസർക്കാരും ബിജെപി ഭരിക്കുന്ന സംസ്ഥാനസർക്കാരുകളും ഒട്ടേറെ പരിപാടികൾ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും.
വികസിത ഇന്ത്യ കെട്ടിപ്പടുക്കുന്നതിനായി ‘സ്വദേശി’, ‘ആത്മനിർഭർ ഭാരത്’ എന്നിവയെ സംഘടന പ്രോത്സാഹിപ്പിക്കും. ദീൻ ദയാൽ ഉപാധ്യായയുടെ ജന്മവാർഷികം സെപ്റ്റംബർ 25-നും മുൻ പ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്ത്രിയുടെ ജന്മവാർഷികം ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ടിനുമാണ്. ഇവകൂടി കണക്കിലെടുത്താണ് ആഘോഷപരിപാടികൾ ഒരുക്കിയിരിക്കുന്നത്.
തദ്ദേശീയ ഉത്പന്നങ്ങളുടെ പ്രചാരം ലക്ഷ്യമിട്ടുള്ള പ്രദർശനം, ‘വികസിത് ഭാരത്’ എന്ന വിഷയത്തിൽ ചിത്രരചനാ മത്സരം, വൃക്ഷത്തൈ നടൽ, രക്തദാനം, ആരോഗ്യപരിശോധനാ ക്യാമ്പുകൾ, ശുചീകരണയജ്ഞം തുടങ്ങിയവ പരിപാടികളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.















