ബെംഗളൂരു: കർണാടകയിലെ ഹാസനിൽ ഘോഷയാത്രയ്‌ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി ഉണ്ടായ അപകടത്തിൽ പ്രധാനമന്ത്രിയുടെ ധനസഹായം. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് രണ്ടര ലക്ഷം രൂപ വീതവും പരുക്കേറ്റവർക്ക് അൻപതിനായിരം രൂപയും ധനസഹായവുമാണ് പ്രഖ്യാപിച്ചത്.
വെള്ളിയാഴ്ച രാത്രി ഹാസൻ- ഹൊളേ നരസിപൂർ റോഡിലെ മൊസലെ ഹൊസഹള്ളിയിലാണ് അപകടം ഉണ്ടായത്. വിഗ്രഹ നിമജ്ജന ഘോഷയാത്രയിൽ ഡിജെ സംഘത്തിന് നേർക്കാണ് ട്രക്ക് പാഞ്ഞുകയറിയത്. അപകടത്തിൽ ഒമ്പത് പേർ മരിക്കുകയും 22 -ൽ അധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തു. മംഗളാ ആശുപത്രിയിൽ പ്രവേശിച്ച രണ്ടു പേരുടെ നില ഗുരുതരമാണ്. 19 പേരാണ് ഹാസൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ചികിത്സയിലുള്ളത്
മരിച്ചവരിൽ മൂന്ന് പേർ എഞ്ചിനിയറിംഗ് വിദ്യാർത്ഥികളും ആറുപേർ പ്രദേശവാസികളുമാണ്. മരണപ്പെട്ടവരിൽ എട്ടുപേർ 17-25 വയസ്സിനിടയിലുള്ളവരാണ്. മരിച്ചവരുടെ കുടുബങ്ങൾക്ക് നഷ്ടപരിഹാരമായി അഞ്ച് ലക്ഷം രൂപ വീതം നൽകുമെന്ന് കർണ്ണാടക സർക്കാരും അറിയിച്ചിട്ടുണ്ട്.















