ഇംഫാൽ: മണിപ്പൂരിൽ വിവിധ വികസനപദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ചുരാചന്ദപ്പൂരിൽ നടന്ന പൊതുപരിപാടിയിൽ 8,500 കോടി രൂപയുടെ വികസന പദ്ധതികൾ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു. പരമ്പരാഗത നൃത്തം ചെയ്താണ് മണിപ്പൂർ ജനത പ്രധാനമന്ത്രിയെ സ്വീകരിച്ചത്. പ്രത്യേകതരം തലപ്പാവും കുട്ടികൾ വരച്ച ചിത്രവും പ്രധാനമന്ത്രിക്ക് സമ്മാനിച്ചു. വനവാസി സമൂഹത്തിന്റെ വികസനത്തിനായി 7,300 കോടി രൂപയുടെ പദ്ധതികൾക്ക് അദ്ദേഹം തുടക്കംകുറിച്ചു.
മണിപ്പൂർ പ്രത്യാശയുടെയും അഭിലാഷത്തിന്റെയും നാടാണെന്നും സമാധാനം കൊണ്ടുവരേണ്ടത് അനിവാര്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. വളരെ കാലമായി മനോഹരമായ ഈ പ്രദേശം അക്രമത്തിന്റെ പിടിയിലായിരുന്നു. അക്രമത്തിന് ഇരകളായി ക്യാമ്പുകളിൽ കഴിയുന്നവരെ ഞാൻ സന്ദർശിച്ചു. അവരുമായി സംസാരിച്ചു. മണിപ്പൂരിൽ പ്രതീക്ഷയുടെയും വിശ്വാസത്തിന്റെയും ഒരു പുതിയ പ്രഭാതം ഉദിച്ചുയരും. ഏതൊരു വികസനവും നടക്കണമെങ്കിൽ സമാധാനം സ്ഥാപിക്കേണ്ടത് അത്യാവശ്യമാണ്.
കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാൻ എല്ലാവരും സമാധാനത്തിന്റെ പാതയിലേക്ക് നീങ്ങണം. ഇംഫാലിൽ നിന്ന് ചുരാചന്ദ്പൂരിലേക്കുള്ള യാത്രാമധ്യേ എനിക്ക് ലഭിച്ച സ്നേഹം ഒരിക്കലും മറക്കാൻ കഴിയില്ല. ഇന്ന് ഉദ്ഘാടനം ചെയ്യപ്പെട്ട പദ്ധതികൾ മണിപ്പൂരിലെ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു.















