ശ്രീനഗർ: കനത്ത മഴയെ തുടർന്ന് വൈഷ്ണോദേവി ക്ഷേത്രത്തിലേക്കുള്ള തീർത്ഥാടനം താത്ക്കാലികമായി നിർത്തിവച്ചു. 19 ദിവസത്തെ ഇടവേളയ്‌ക്ക് ശേഷം പുനരാരംഭിക്കാനിരിക്കെയാണ് തീർത്ഥാടനം വീണ്ടും മാറ്റിവച്ചത്. ക്ഷേത്രട്രസ്റ്റിന്റെ ഔദ്യോഗിക സോഷ്യൽമീഡിയ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ക്ഷേത്രത്തിലേക്കുള്ള പാതകളിൽ കനത്ത മഴയും മണ്ണിടിച്ചിലും അനുഭവപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് തീർത്ഥാടനം നിർത്തിവച്ചത്. ഇന്ന് ആരംഭിക്കാനായിരുന്നു തീരുമാനം. എന്നാൽ വിവിധയിടങ്ങളിലായി ഇപ്പോഴും മഴ പെയ്യുന്നുണ്ട്. വൈഷ്ണോ ദേവി ക്ഷേത്രത്തിലേക്കുള്ള തീർത്ഥാടനം ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ മാറ്റിവച്ചതായി ക്ഷേത്ര ട്രസ്റ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ഓഗസ്റ്റ് 26-ന് വൈഷ്ണോദേവി ക്ഷേത്രപാതയിലുണ്ടായ മണ്ണിടിച്ചിലിൽ 34 പേർ മരിക്കുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അപകടത്തിന്റെ പശ്ചാത്തലത്തിൽ തീർത്ഥാടനം താത്ക്കാലികമായി നിർത്തിവയ്‌ക്കുകയായിരുന്നു.















