കുവൈത്ത് സിറ്റി: സാൽമിയ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഭാരതീയ പ്രവാസി പരിഷത് കുടുംബങ്ങൾ ഒന്നിച്ചുകൂടി വർണശബളമായ ഓണാഘോഷം സംഘടിപ്പിച്ചു. ഓണപ്പാട്ടുകളും അത്തപ്പൂക്കളവും ഉൾപ്പെടെ നിരവധി കലാപരിപാടികളാണ് അരങ്ങേറിയത്.
പ്രവാസി സുഹൃത്തുക്കൾ നിറഞ്ഞുകൂടിയ വേദിയിൽ ഏരിയ ജനറൽ സെക്രട്ടറി കൃഷ്ണകുമാർ സ്വാഗതം പ്രസംഗം നടത്തി. പ്രസിഡന്റ് വിനോദ് അദ്ധ്യക്ഷ പ്രസംഗവും, ബി.പി.പി. പ്രസിഡന്റ് സുധീർ വി. മേനോൻ ഓണസന്ദേശവും നൽകി. ജനറൽ സെക്രട്ടറി ഹരി ബാലരാമപുരം സംഘടനയുടെ വിവിധ പ്രവർത്തനങ്ങളെക്കുറിച്ച് വിശദമായി സംസാരിച്ചു.

ആഘോഷത്തിന്റെ മധുരം കൂട്ടി ഒട്ടേറെ പേർ ചേർന്ന് പങ്കിട്ട വിഭവസമൃദ്ധമായ ഓണസദ്യയും അരങ്ങേറി. നാട്ടിൽ നിന്ന് അകലെയായിട്ടും കേരളത്തിന്റെ ഓർമകളെയും ഐക്യത്തിന്റെ സന്ദേശത്തെയും പുതുക്കിയ ദിനമായി പരിപാടി മാറി.








