ന്യൂഡൽഹി: സര്‍ക്കാരും ദേവസ്വം ബോര്‍ഡും സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ ഭക്തസംഗമത്തിനെതിരെ സുപ്രീംകോടതിയിൽ ഹർജി. ആഗോള അയ്യപ്പ ഭക്തസംഗമം നടത്തുന്നതിൽ നിന്നും തിരുവിതാംകൂർ ദേവസ്വം ബോർഡിനെയും സർക്കാരിനെയും വിലക്കണമെന്നാണ് ഹർജിയിലെ ആവശ്യം. ഡോ പി എസ് മഹേന്ദ്രകുമാറാണ് ഹർജി സമർപ്പിച്ചത്.
ദേവസ്വം ഫണ്ട് ദൈവത്തിന് അവകാശപ്പെട്ടതാണെന്നും രാഷ്‌ട്രീയ ലക്ഷ്യങ്ങളോടെ നടത്തുന്ന പരിപാടികൾക്ക് ആ ഫണ്ട് ഉപയോഗിക്കാൻ കഴിയില്ലെന്നും പരാതിക്കാരൻ ചൂണ്ടിക്കാട്ടുന്നു. അയ്യപ്പസംഗമം തടഞ്ഞില്ലെങ്കിൽ ഭാവിയിൽ സർക്കാരുകൾക്ക് മതസംഗമങ്ങളുടെ പേരിൽ രാഷ്‌ട്രീയ പരിപാടികൾ നടത്താൻ കഴിയുമെന്നും ഹർജിയിൽ പറയുന്നു.
ദേവസ്വം ബോർഡിനെ മറയാക്കി സർക്കാർ നടത്തുന്ന പരിപാടിയാണ് ആഗോള അയ്യപ്പഭക്ത സംഗമം. ഇത്തരത്തിലൊരു മതപരമായ പരിപാടി നടത്താൻ സർക്കാരിന് അവകാശമുണ്ടോയെന്ന് കോടതി പരിശോധിക്കണം. രാഷ്‌ട്രീയനേട്ടം ലക്ഷ്യമിട്ടുള്ള പരിപാടികൾക്ക് ദേവസ്വംബോർഡിന്റെ ഫണ്ട് ഉപയോഗിക്കാൻ അവകാശമില്ല.
പരിപാടി നടത്താൻ ഉദ്ദേശിച്ചിട്ടുള്ള പമ്പ പരിസ്ഥിതിലോല പ്രദേശമാണ്. അതുകൊണ്ട് തന്നെ ഇത്തരം പരിപാടികൾ നടത്തുന്നത് ശരിയല്ല. പമ്പയിൽ വച്ച് പരിപാടി നടത്തുന്നതിനെ നേരത്തെ ഹൈക്കോടതിയും വിമർശിച്ചിരുന്നു. അതിനാൽ പല കാരണങ്ങളാൽ തന്നെ ആഗോള അയ്യപ്പസംഗമം നടത്തുന്നതിൽ നിന്ന് സർക്കാരിനെയും ദേവസ്വംബോർഡിനെയും തടയണമെന്നും ഹർജിക്കാരൻ വ്യക്തമാക്കി.















