ന്യൂഡൽഹി: 3,000 വർഷങ്ങൾക്ക് മുമ്പ് ഇന്ത്യ ലോകത്തെ നയിച്ചിരുന്നുവെന്ന് സർസംഘചാലക് മോഹൻ ഭഗവത്. നാഗ്പൂരിൽ നടന്ന ബ്രഹ്മകുമാരി വിശ്വശാന്തി സരോവറിന്റെ ഏഴാമത് സ്ഥാപക ദിനത്തിൽ പങ്കെടുക്കവെയാണ് പരാമർശം.
ഇന്ത്യ ലോകത്തെ നയിച്ചു. പക്ഷേ മറ്റൊരു രാജ്യത്തെയും കീഴടക്കുകയോ ആരുടെയും വ്യാപാരത്തെ അടിച്ചമർത്തുകയോ ചെയ്തിട്ടില്ല. ആരുടെയും മതം മാറ്റിയിട്ടില്ല. ഞങ്ങൾ എവിടെ പോയാലും അറിവ് നൽകി, വേദങ്ങൾ പഠിച്ചു. ജീവിതം മെച്ചപ്പെടുത്തി. ഓരോ രാജ്യത്തിനും അവരുടേതായ സ്വത്വം ഉണ്ടായിരുന്നു. പക്ഷേ, അവർക്കിടയിൽ നല്ലൊരു ബന്ധമുണ്ടായിരുന്നു. ഇന്ന് അതില്ല.
ഇന്ത്യയുടെ വളർച്ചയിൽ ഭയന്നാണ് ഇറക്കുമതി തീരുവ വർദ്ധിപ്പിച്ചത്. ഇന്ത്യയുടെ ശക്തിയിൽ ആഗോള രാജ്യങ്ങൾ ആശങ്കാകുലരാണ്. മറ്റൊരാൾ വലുതായാൽ തങ്ങൾക്ക് എന്ത് സംഭവിക്കുമെന്ന് അവർ ഭയപ്പെടുന്നു. ഇന്ത്യ വളർന്നാൽ അവർ എവിടെയായിരിക്കും. അതിനാൽ അവർ ഒരു തീരുവ ഏർപ്പെടുത്തി. സ്വാർത്ഥതാത്പര്യത്തിന്റെ ഫലമാണ് ഇത്തരം നടപടികളെന്നും മോഹൻ ഭാഗവത് പറഞ്ഞു.















