കോഴിക്കോട്: നരിപ്പറ്റയിൽ ശ്രീകൃഷ്ണ ജയന്തി ശോഭയാത്രയ്‌ക്ക് നേരെ സിപിഎം ആക്രമണം. ശ്രീകൃഷ്ണ വേഷം ധരിച്ച കുട്ടികൾക്കും ഗോപിക വേഷം ധരിച്ച പെൺകുട്ടികൾക്കും നേരെയായിരുന്നു സിപിഎം ഗുണ്ടകൾ അക്രമം അഴിച്ചുവിട്ടത്. ഗുരുതരമായി പരിക്കേറ്റ ഗോപിക വേഷം ധരിച്ച പെൺകുട്ടി മെഡിക്കൽ കോളജിൽ ചികിത്സ തേടി. പെൺകുട്ടിയുടെ കഴുത്തിന് കുത്തിപിടിച്ച ക്രിമിനലുകൾ ചെവിക്കല്ല് അടിച്ചു പൊട്ടിച്ചിരുന്നു.
ശോഭയാത്രയുടെ ഭാഗമായി അണിനിരത്തിയ ടേബ്ലോ വാഹനവും സിപിഎം പ്രവർത്തകർ അക്രമിച്ചു. കാപ്പ കേസിലെ പ്രതി സുബി, സിദ്ധാർത്ഥ്, ബിനീഷ് ടി തയ്യിൽ, ആദർശ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു മർദ്ദനം.
രാമന്റെ പാട്ടിനൊത്ത് ന്യത്തം ചെയ്യുന്നോ എന്ന് ചോദിച്ചായിരുന്നു സ്ത്രീകളെ മർദ്ദിച്ചത്. രാമന്റെ ഭക്തി ഗാനവും രാമന്റെ വാഴ്‌ത്തലുകളും കൈവേലിയുടെ മണ്ണിൽ നടക്കില്ലെന്നായിരുന്നു സിപിഎം തിട്ടൂരം. ഘോഷയാത്രയിൽ പങ്കെടുത്ത സ്ത്രീകളെയും സിപിഎം ഗുണ്ടാസംഘം അക്രമിച്ചു. പരിക്കേറ്റവരെ കുറ്റ്യാടി ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സിപിഎം ക്രിമിനലുകളെ എത്രയും വേഗം കസ്റ്റഡിയിലെടുക്കണമെന്നും മാരകായുധങ്ങളുമായാണ് ശോഭയാത്രയിൽ അഴിഞ്ഞാടിയതെന്നും ബിജെപി കോഴിക്കോട് നോർത്ത് ജില്ലാ അദ്ധ്യക്ഷൻ സി. ആർ പ്രഫുൽ കൃഷ്ണ പറഞ്ഞു. ഹിന്ദു വിശ്വാസങ്ങൾക്ക് നേരെ തുടച്ചയായി നടത്തുന്ന അവഹേളനത്തിന് സിപിഎം നേതൃത്വം മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.















