തൃശൂർ: വോട്ടർ പട്ടിക ക്രമക്കേട് ആരോപണത്തിൽ നാണംകെട്ട് കോൺഗ്രസ് നേതാവും മുൻ എം പിയുമായ ടി.എൻ പ്രതാപൻ. ആരോപണം തെളിയിക്കുന്ന രേഖകൾ ഇതുവരെ ഹാജരാക്കാൻ സാധിക്കാത്തതിനാൽ കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കെതിരെ കേസെടുക്കാനാകില്ലെന്ന് പൊലീസ് വ്യക്തമാക്കി.
സുരേഷ് ഗോപിയും സഹോദരനും വ്യാജരേഖ ചമച്ച് തൃശൂരിൽ വോട്ടു ചേർത്തെന്നായിരുന്നു പ്രതാപൻ പൊലീസിന് നൽകിയ പരാതി. പിന്നാലെ ജില്ലാ പൊലീസ് മേധാവി അന്വേഷണത്തിവ് ഉത്തരവിടുകയും ചെയ്തു. അന്ന് എന്തൊക്കെയോ പേപ്പറുകൾ ഉയർത്തിക്കാട്ടി മാദ്ധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ട് ടി. എൻ പ്രതാപന്, പക്ഷെ ആഴ്ചകൾ പിന്നിട്ടിട്ടും ഇത് തെളിയിക്കുന്ന ഒരു തുണ്ട് കടലാസ് പോലും ഹാജരാക്കാൻ കഴിഞ്ഞിട്ടില്ല. പിന്നാലെയാണ് കേസെടുക്കാൻ ആകില്ലെന്ന് ജില്ലാ പൊലീസ് മേധാവി ടി. എൻ പ്രതാപനെയും കോൺഗ്രസ് നേതൃത്വത്തെയും അറിയിച്ചത്.
തൃശൂരിലെ ബിജെപിയുടെയും സുരേഷ് ഗോപിയുടെയും ആത്യന്തികമായ വിജയത്തിന്റെ മാറ്റ് കുറയ്‌ക്കാനായിരുന്നു പ്രതാപന്റെയും കൂട്ടരുടെയും ശ്രമം. ഇത് വിലപ്പോയില്ലെന്ന് മാത്രമല്ല നാണം കെടുകയും ചെയ്തു. വ്യാജ ആരോപണത്തിൽ ടി. എൻ പ്രതാപനെതിരെ നിയമനടപടിയെടുക്കുമെന്ന് ബിജെപി വ്യക്തമാക്കിയിരുന്നു. ഇതിനുള്ള നടപടികൾ ബിജെപി ജില്ലാ നേതൃത്വം ആരംഭിച്ചു കഴിഞ്ഞു.















