ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉയർത്തിയ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. രാഹുലിന്റെ ആരോപണങ്ങൾ തികച്ചും തെറ്റാണെന്നും രാഹുലിന്റേത് തെറ്റിദ്ധാരണകളാണെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി.
രാഹുൽ പരാമർശിച്ചതുപോലെ പൊതുജനങ്ങളിൽ ആർക്കും ഓൺലൈനിൽ ഒരു വോട്ടും ഇല്ലാതാക്കാൻ സാധിക്കില്ല. ചില ക്രമക്കേടുകൾ കമ്മീഷന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. പക്ഷേ, ആ നീക്കം ഫലപ്രദമായില്ലെന്നും കൃത്യമായി അതിനെ തടയാൻ സാധിച്ചിരുന്നുവെന്നും കമ്മീഷൻ അറിയിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ കണ്ടെത്തിയ ക്രമക്കേടിൽ കേസെടുത്ത് അന്വേഷണം നടത്തിവരികയാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.
ഗ്യാനേഷ് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളാണ് രാഹുൽ ഉന്നയിച്ചത്. കർണാടകയിലെ ആലന്ദ്, മഹാരാഷ്‌ട്രയിലെ രജുര മണ്ഡലങ്ങളിൽ ക്രമക്കേട് നടന്നുവെന്നായിരുന്നു ആരോപണം. തെരഞ്ഞെടുപ്പ് മെഷീനിലൂടെ രാജ്യത്തുടനീളമുള്ള വോട്ടർമാരുടെ പേരുകൾ ഇല്ലാതാക്കിയെന്ന് രാഹുൽ ആരോപിച്ചിരുന്നു.















