പത്തനംതിട്ട : ദൈവം ഇല്ലെന്ന് പറഞ്ഞവരാണ് ഭഗവദ്ഗീതയെ കുറിച്ച് ക്ലാസ് എടുക്കുന്നതെന്ന് തമിഴ്നാട് ബിജെപി മുൻ അദ്ധ്യക്ഷൻ കെ അണ്ണാമലൈ. സനാതനധർമത്തെ തകർക്കാൻ ശ്രമിച്ച തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെയാണ് ആഗോള അയ്യപ്പ സംഗമത്തിന് സർക്കാർ ക്ഷണിച്ചതെന്നും അണ്ണാമലൈ പറഞ്ഞു. ശബരിമല സംരക്ഷണ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡിഎംകെ ആഗോള മുരുക സംഗമം നടത്തുന്നത് കണ്ടാണ് കേരളത്തിൽ അയ്യപ്പ സംഗമം നടത്താൻ സർക്കാർ തീരുമാനിച്ചത്. ശബരിമലയിലെ സ്വർണം പോലും സർക്കാർ മോഷ്ടിച്ചു. ഭക്തരുടെ വിശ്വാസത്തെയാണ് സർക്കാർ മുതലെടുക്കുന്നത്. ഇങ്ങനെയുള്ളവർ നരകത്തിൽ പോകുമെന്ന് ഭഗവദ്ഗീതയിൽ പറയുന്നുണ്ട്. ഭഗവദ്ഗീതയിലെ ആ ഭാഗം കൂടി പിണറായി വിജയൻ പഠിക്കണം. അത്തരത്തിലുള്ള പ്രവർത്തികളാണ് 2018-ൽ അദ്ദേഹം ചെയ്തതെന്നും അണ്ണാമലൈ പറഞ്ഞു.
സ്റ്റാലിനും പിണറായിയും വോട്ടിനായി നാടകം കളിക്കുന്നു. ഭക്തർ എങ്ങനെയാകണം എന്നതിനെ കുറിച്ച് ഭഗവദ്ഗീതാ വചനങ്ങൾ പിണറായി വിജയൻ തങ്ങൾക്ക് ക്ലാസെടുത്ത് തരേണ്ടതില്ല. കണ്ണാടി നോക്കി സ്വയം പഠിച്ചാൽ മതി. സ്പീക്കർ എംഎൻ ഷംസീറിന് ഗണപതി കേവലം മിത്ത് മാത്രമാണെന്നും അണ്ണാമലൈ വിമർശിച്ചു.















