പത്തനംതിട്ട: കമ്യൂണിസ്റ്റ് അയ്യപ്പ സംഗമം നടത്തുന്നത് വിരോധാഭാസമാണെന്ന് ബിജെപി എംപി തേജസ്വി സൂര്യ. കമ്യൂണിസ്റ്റ് ഒരിക്കലും ദൈവത്തെ വിശ്വസിക്കുന്നില്ലെന്നും എന്നാൽ ഇന്ന് ഭക്തരെ കബളിപ്പിച്ചുകൊണ്ട് അവർ നാടകം കളിക്കുകയാണെന്നും തേജസ്വി സൂര്യ പറഞ്ഞു. ശബരിമല സംരക്ഷണ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“പമ്പയിൽ നടന്ന അയ്യപ്പസംഗമത്തിന്റെ ചിത്രങ്ങൾ ഞാൻ കണ്ടിരുന്നു. അവിടെ മുഴുവൻ ശൂന്യമായ കസേരകൾ മാത്രമാണ് ഉണ്ടായിരുന്നത്. ഇന്ന് നടക്കുന്ന പരിപാടി ഒരിക്കലും സർക്കാരിന്റെ പിന്തുണയിൽ സംഘടിപ്പിച്ചതല്ല, ഇതിന് പിന്നിൽ അയ്യപ്പഭക്തരാണ്”.
“കമ്മ്യൂണിസ്റ്റ് അയ്യപ്പഭക്തസംഗമം നടത്തുന്നത് വിരോധാഭാസമാണ്. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ സംഗമത്തിന് ക്ഷണിച്ചു. എന്നാൽ പിണറായി എന്തുകൊണ്ട് സനാതനധർമ വിരോധിയായ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ വിളിച്ചില്ല. ഹിന്ദുവിരുദ്ധതയിൽ ഇവർ ത്രിമൂർത്തികളാണ്”.
” അടുത്തിടെ ധർമസ്ഥലയെ കുറിച്ച് നിരവധി ആരോപണങ്ങളാണ് ഉയർന്നത്. ആയിരക്കണക്കിന് മൃതദേഹങ്ങൾ കുഴിച്ചിട്ടുണ്ടെന്ന് ഒരു യൂട്യൂബർ ആരോപിച്ചു. പെട്ടെന്ന് തന്നെ അന്വേഷണം ആരംഭിച്ചു. കേരളവും തമിഴ്നാടും സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിനെ പ്രഖ്യാപിച്ച് ധർമസ്ഥലയിൽ എത്തിയിരുന്നു. എന്നാൽ ഇവിടെ നിന്ന് ഒന്നും തന്നെ കിട്ടിയില്ല. വിനോദയാത്ര വരുന്നത് പോലെ വന്നു. അതുപോലുള്ള നാടകമാണ് ശബരിമലയിലും നടക്കുന്നതെന്നും” തേജസ്വി സൂര്യ പറഞ്ഞു.















