ന്യൂഡൽഹി: തന്റെ അടുത്ത സുഹൃത്തായ സുരേഷ് ഗോപി കേന്ദ്രമന്ത്രി ആയിരിക്കുമ്പോൾ തന്നെ ദേശീയ പുരസ്കാരം വാങ്ങാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷമുണ്ടെന്ന് നടൻ വിജയരാഘവൻ. ‘ന്യൂഡൽഹി’ എന്ന സിനിമയിൽ സുരേഷ് ഗോപിയോടൊപ്പം അഭിനയിച്ചതിനെ കുറിച്ചും വിജയരാഘവൻ ഓർമിച്ചു. ദേശീയ പുരസ്കാരം സ്വീകരിച്ച ശേഷം ഡൽഹിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“സുരേഷ് ഗോപിയുമായി നാല് പതിറ്റാണ്ടിന്റെ സൗഹൃദമുണ്ട്. അതിപ്പോഴും തുടരുകയാണ്. ന്യൂഡൽഹി സിനിമയിൽ അഭിനയിക്കുമ്പോൾ ഡൽഹി മുഴുവൻ സുരേഷ് ഗോപിയെ പൊലീസുകാർ ഓടിക്കുന്ന സീനിൽ അഭിനയിച്ചത് ഇപ്പോൾ ഓർക്കുന്നു. ഡൽഹി മുഴുവൻ ഞങ്ങൾ ഓടിയിട്ടുണ്ട്. സുരേഷ് ഗോപിയുമായി പഴയതുപോലെ ഇപ്പോഴും സൗഹൃദമുണ്ട്. ഇടയ്‌ക്കൊക്കെ കാണാറുണ്ട്. സുരേഷിന്റെ ഏറ്റവും അടുത്ത സുഹൃത്ത് താനാണെന്ന് സുരേഷ് തന്നെ പറയാറുണ്ട്. ഈ സൗഹൃദം എന്നും നിലനിൽക്കും”.
സുരേഷ് ഗോപിയും ഞാനുമൊക്കെ സിനിമയിൽ ഒന്നിച്ചുവന്ന ആൾക്കാരാണ്. അദ്ദേഹം കേന്ദ്രമന്ത്രിയായിരിക്കുമ്പോൾ ഈ പുരസ്കാരം വാങ്ങാൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ട്. സുരേഷ് ഗോപി ഒരു മന്ത്രിയായി ഇവിടെയിരിക്കുമെന്നോ എനിക്ക് അവാർഡ് വാങ്ങാൻ കഴിയുമെന്നോ ഒരിക്കലും വിചാരിച്ചിരുന്നില്ല. ഇതൊക്കെ ജീവിതത്തിലെ അപ്രതീക്ഷിത സംഭവങ്ങളാണെന്നും വിജയരാഘവൻ പറഞ്ഞു.















