ന്യൂഡൽഹി: സിഖ് വിരുദ്ധ പരാമർശത്തിൽ രാഹുൽഗാന്ധി നൽകിയ പുനഃപരിശോധനാ ഹർജി അലഹബാദ് ഹൈക്കോടതി തള്ളി.2024-ൽ അമേരിക്കൻ സന്ദർശനത്തിനിടയിൽ സിഖ് തലപ്പാവിനെ കുറിച്ച് രാഹുൽ ഗാന്ധി നടത്തിയ പ്രസംഗത്തിനെതിരെയുള്ള ഹർജി ഫയലിൽ സ്വീകരിച്ചതുമായി ബന്ധപ്പെട്ടാണ് പുനഃപരിശോധനാ ഹർജി സമർപ്പിക്കപ്പെട്ടിരുന്നത്. സിഖുകാർക്ക് ഇന്ത്യയിൽ സ്വതന്ത്രമായി അവരുടെ വിശ്വാസം ആചരിക്കാൻ കഴിയില്ലെന്ന് അദ്ദേഹം പരാമർശിക്കുകയായിരുന്നു
“ഒരു സിഖ് എന്ന നിലയിൽ അദ്ദേഹത്തിന് ഇന്ത്യയിൽ തലപ്പാവ് ധരിക്കാൻ അനുവാദമുണ്ടോ; അല്ലെങ്കിൽ ഒരു സിഖ് എന്ന നിലയിൽ അദ്ദേഹത്തിന് ഇന്ത്യയിൽ കട (കൈയിൽ ഇടുന്ന വള) ധരിക്കാൻ അനുവാദമുണ്ടോ; അല്ലെങ്കിൽ ഒരു സിഖ് എന്ന നിലയിൽ അദ്ദേഹത്തിന് ഗുരുദ്വാരയിൽ പോകാൻ അനുവാദമുണ്ടോ എന്നതിനെക്കുറിച്ചാണ് പോരാട്ടം.,” രാഹുൽ ഗാന്ധി പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ പരാമർശം വിവാദമായതോടെ അദ്ദേഹത്തിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് വാരണാസിയിൽ നിന്നുള്ള നാഗേശ്വർ മിശ്ര എന്നയാൾ കോടതിയെ സമീപിച്ചു.
2024 നവംബറിൽ, അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ആ ഹർജി നിരസിച്ചു, പ്രസംഗം യുഎസിൽ നടത്തിയതാണെന്നും അതിനാൽ തങ്ങളുടെ അധികാരപരിധിക്ക് പുറത്താണെന്നും കോടതി നിരീക്ഷിച്ചു. എന്നാൽ ഈ വർഷം ജൂലൈ 21 ന് എംപി/എംഎൽഎ മാർക്കുള്ള പ്രത്യേക കോടതി മിശ്ര സമർപ്പിച്ച റിവിഷൻ ഹർജി അനുവദിച്ചു. തുടർന്ന് വിഷയം വീണ്ടും കേൾക്കാൻ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിനോട് നിർദ്ദേശിച്ചു.
പ്രത്യേക കോടതിയുടെ നടപടി തെറ്റാണെന്നും നിയമവിരുദ്ധമാണെന്നും അതിന്റെ അധികാരപരിധിക്ക് പുറത്താണെന്നും വാദിച്ചുകൊണ്ട് രാഹുൽ ഗാന്ധി ഓഗസ്റ്റിൽ അലഹബാദ് ഹൈക്കോടതിയെ സമീപിച്ചു .
എന്നാൽ രാഹുലിന്റെ ഈ പുനഃ പരിശോധനാ ഹർജി ഹൈക്കോടതി തള്ളി. വാരണാസി കോടതിയുടെ വിധി വരുന്നതുവരെ കാത്തിരിക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി.
2024 ല്‍ വിര്‍ജീനിയയില്‍ നടന്ന ഒരു പരിപാടിയില്‍ വെച്ചായിരുന്നു രാഹുൽ ഗാന്ധി ഈ വിദ്വേഷ പ്രസംഗം നടത്തിയത്. രാഹുലിന്റെ പുനഃ പരിശോധനാ ഹർജി അലഹബാദ് ഹൈക്കോടതി തള്ളിയതോടെ കേസിന്റെ വാദം വാരണാസി എംപി/എംഎൽഎ കോടതിയിൽ തുടരും.















