ചെന്നൈ : കരൂരിൽ ടിവികെ നേതാവ് വിജയ് പങ്കെടുത്ത റാലിയിലുണ്ടായ തിക്കിലും തിരക്കിലും നാല്പതോളം പേർ മരിക്കുകയും നിരവധി പേർ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുകയും ചെയ്ത സംഭവത്തിൽ മുൻ തമിഴ്‌നാട് ബിജെപി പ്രസിഡന്റ് കെ അണ്ണാമലൈ ഡിഎംകെ സർക്കാരിനെ കുറ്റപ്പെടുത്തി.
“ഒരു രാഷ്‌ട്രീയ പാർട്ടിയുടെ യോഗത്തിൽ എത്ര പേർ പങ്കെടുക്കാൻ സാധ്യതയുണ്ടെന്ന് ശരിയായി വിലയിരുത്തുക, അതിനനുസരിച്ച് ഒരു വേദി അനുവദിക്കുക, പരിപാടിയിൽ പങ്കെടുക്കുന്ന പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ മതിയായ പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കുക എന്നിവ പോലീസിന്റെ ഉത്തരവാദിത്തമാണ്” എന്ന് അണ്ണാമലൈ പറഞ്ഞു.
“സുരക്ഷാ ക്രമീകരണങ്ങളിൽ ഭരണകക്ഷിയായ ഡിഎംകെ പക്ഷപാതം കാണിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു. ഡിഎംകെ അംഗങ്ങൾ സംഘടിപ്പിക്കുന്ന യോഗങ്ങൾക്ക് സുരക്ഷ ഒരുക്കാൻ ഒരു ജില്ലയിലെ മുഴുവൻ പോലീസിനെയും വിന്യസിക്കുന്ന ഡിഎംകെ സർക്കാർ, പ്രതിപക്ഷ പാർട്ടികൾ സംഘടിപ്പിക്കുന്ന പരിപാടികൾക്ക് മതിയായ സുരക്ഷാ ക്രമീകരണങ്ങൾ അവഗണിക്കുന്നത് ഒരു പതിവാക്കിയിരിക്കുന്നുവെന്നും” അണ്ണാമലൈ കുറ്റപ്പെടുത്തി.
സുരക്ഷാ നടപടികളുടെ അപര്യാപ്തതയും വൈദ്യുതി തടസ്സവും തിക്കിലും തിരക്കിലും പെട്ടതിന് പിന്നിലുണ്ടോ എന്ന് സമഗ്രമായ അന്വേഷണം നടത്തണമെന്നും ബിജെപി നേതാവ് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. സംഭവത്തിൽ കർശന നടപടി സ്വീകരിക്കണമെന്നും ഇരകളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.















