ചെന്നൈ: കരൂറിൽ നടന്ന വിജയിയുടെ റാലിക്കിടെ അപകടത്തിൽപ്പെട്ടവരെ രക്ഷപ്പെടുത്തിയ ആംബുലൻസുകളെ ടിവികെ പ്രവർത്തകർ ആക്രമിച്ചുവെന്ന് ആംബുലൻസ് ഉടമ. പരിപാടി തടസപ്പെടുത്താൻ വന്നതാണെന്ന് കരുതി ടിവികെ നേതാക്കൾ തങ്ങളെ ആക്രമിക്കാൻ ശ്രമിച്ചുവെന്നും വാഹനം മുന്നോട്ടെടുക്കാൻ അനുവദിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
“ഇടറോഡുകൾക്ക് സമീപമാണ് ഞങ്ങളുടെ സംഘം നിന്നത്. ശ്വാസമുട്ടലുണ്ടായ ആളുകൾക്കിടയിലേക്ക് ഞങ്ങൾ വാഹനങ്ങൾ കയറ്റാൻ ശ്രമിച്ചു. എന്നാൽ ആളുകളെ പിരിച്ചുവിടാനാണ് ഞങ്ങൾ വന്നതെന്നാണ് പാർട്ടി പ്രവർത്തകർ കരുതിയത്. ഒരു ഡ്രൈവറുടെ താക്കോലും ഫോണും പ്രവർത്തകർ പിടിച്ചെടുത്തിരുന്നു. ഇത് രക്ഷാപ്രവർത്തനം രണ്ട് മണിക്കൂർ വൈകുന്നതിന് കാരണമായി. എട്ട് ആംബുലൻസുകൾ ഞങ്ങൾ ഉപയോഗിച്ചു. ഒമ്പത് പേരെ ആശുപത്രികളിലേക്ക് കൊണ്ടുപോയി. റോഡിന് പരിസരത്തെ കെട്ടിടങ്ങളുടെ ഷീറ്റിന് മുകളിലാണ് ആളുകൾ നിലയുറപ്പിച്ചത്. പലരും തിക്കിലും തിരക്കിലുംപെട്ടുവെന്നും” ആംബുലൻസ് ഉടമ പറഞ്ഞു.
ഗുരുതര സുരക്ഷാവീഴ്ചയാണ് കരൂർ റാലിയിൽ സംഭവിച്ചിരിക്കുന്നത്. റാലി നടന്ന സ്ഥലം ഇടുങ്ങിയതിനാലും പ്രദേശത്ത് വൈദ്യുതി മുടങ്ങിയതും ദുരന്തത്തിന്റെ ആഘാതം ഇരട്ടിയാക്കി. പത്ത് മണിക്കൂർ വൈകിയാണ് വിജയ് റാലിക്കെത്തിയത്. ഇത് ഉൾപ്പെടെ വിവിധ കാരണങ്ങൾ ദുരന്തത്തിന് വഴിവച്ചു. നിരവധി ആളുകൾ പരിക്കേറ്റ് ചികിത്സയിലാണ്. മരണസംഖ്യ കൂടാൻ സാധ്യതയുണ്ടെന്നാണ് പ്രാഥമിക വിവരം.















