എറണാകുളം: ഡിജിറ്റൽ അറസ്റ്റ് എന്ന് ആരോപിച്ച് വീട്ടമ്മയിൽ നിന്ന് 2.88 കോടി രൂപ തട്ടിയെടുത്ത കേസിൽ പ്രധാനപ്രതി അറസ്റ്റിൽ. മഹാരാഷ്‌ട്ര സ്വദേശി സന്തോഷാണ് അറസ്റ്റിലായത്. മട്ടാഞ്ചേരി സ്വദേശിയായ യുവതിയിൽ നിന്നാണ് പ്രതി പണം തട്ടിയത്. മണിലോൻഡറിംഗ്, ക്രിപ്റ്റോ കറൻസി എന്നിവയുമായി ബന്ധപ്പെട്ട് വീട്ടമ്മയുടെ പേരിൽ മുംബൈ തിലക് നഗർ പൊലീസ് സ്റ്റേഷനിൽ കേസുണ്ടെന്നും സംഭവത്തിൽ അറസ്റ്റ് ചെയ്യുമെന്നും ഭീഷണിപ്പെടുത്തിയാണ് യുവതിയിൽ നിന്ന് പണം ആവശ്യപ്പെട്ടത്.
വീട്ടമ്മയുടെ വാട്സ്ആപ്പ് നമ്പറിലേക്ക് കേസിലെ പ്രതിയായ സന്തോഷിന്റെ നമ്പറിൽ നിന്നും വീഡിയോ കോൾ ചെയ്ത് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. കേസിൽ നിന്ന് ഒഴിവാക്കി തരാമെന്ന് പറഞ്ഞ് പല തവണയായി പ്രതികൾ വീട്ടമ്മയിൽ നിന്ന് പണം തട്ടിയെടുത്തു. വ്യാജ കോടതിയും പൊലീസ് സ്റ്റേഷനും പ്രതികൾ സജ്ജീകരിച്ചിരുന്നു. ജഡ്ജിയുടെയും വക്കീലിന്റെയും വേഷമണിഞ്ഞാണ് തട്ടിപ്പുകാർ വീഡിയോ കോളിൽ പ്രത്യേക്ഷപ്പെട്ടത്.
ജൂലൈ- ഓഗസ്റ്റ് മാസത്തിലാണ് തട്ടിപ്പ് നടന്നത്. വീട്ടമ്മയുടെയും ഭർത്താവിന്റെയും വിവിധ ബാങ്ക് അക്കൗണ്ടുകളിൽ നിന്നാണ് പ്രതികൾക്ക് പണം കൈമാറിയത്. അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ നിന്നും പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് വാങ്ങിയാൽ അടച്ച പണം തിരികെ നൽകാമെന്ന് തട്ടിപ്പുകാർ വീട്ടമ്മയെ അറിയിച്ചു. ഇതോടെ സർട്ടിഫിക്കറ്റ് വാങ്ങാൻ സ്റ്റേഷനിലെത്തിയ വീട്ടമ്മ കാര്യങ്ങൾ പറഞ്ഞതോടെ തട്ടിപ്പ് വ്യക്തമാവുകയായിരുന്നു.















