ഒട്ടാവ: കുപ്രസിദ്ധമായ ലോറന്‍സ് ബിഷ്‌ണോയ് സംഘത്തെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് കാനഡ. ഇനിമുതല്‍ കനേഡിയന്‍ നിയമപ്രകാരം, കനേഡിയന്‍ പൗരന്മാര്‍ ബിഷ്‌ണോയ് സംഘവുമായി ഇടപാടുകള്‍ നടത്തുന്നത് ക്രിമിനല്‍ കുറ്റമാണ്. അവര്‍ക്ക് വീടുകള്‍, സ്വത്ത്, വാഹനങ്ങള്‍ തുടങ്ങിയവ നേരിട്ടോ അല്ലാതെയോ നല്‍കുന്നത് ക്രിമിനല്‍ കുറ്റമായിരിക്കും.
ഇനി മുതല്‍ കാനഡയിലെ ബിഷ്‌ണോയ് സംഘത്തിന്റെ വാഹനങ്ങളും വീടും പണവുമുള്‍പ്പെടെയുളള സ്വത്തുക്കള്‍ കണ്ടുകെട്ടാനോ മരവിപ്പിക്കാനോ സര്‍ക്കാരിന് അധികാരം ലഭിക്കും.
ഇതോടെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കുന്നത് ഉള്‍പ്പെടെയുളള കുറ്റകൃത്യങ്ങള്‍ക്ക് സംഘാംഗങ്ങളെ വിചാരണ ചെയ്യാനുളള അധികാരവും ലഭിക്കും. ബിഷ്‌ണോയ് ഗുണ്ടാസംഘത്തിലെ അംഗങ്ങളെന്ന് സംശയിക്കുന്നവര്‍ കാനഡയില്‍ പ്രവേശിക്കുന്നത് തടയാനുള്ള അധികാരവും ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ക്കും അധികാരം ലഭിക്കും.
കൊലപാതകം, ആയുധ-മയക്കുമരുന്ന് കടത്ത്, കൊളള തുടങ്ങിയ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പൊതുസുരക്ഷാ മന്ത്രി ഗാരി അനന്ദസംഗരിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇന്ത്യാ-കാനഡ നയതന്ത്ര ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് കാനഡയുടെ ഈ നീക്കം .















