ഇസ്ലാമാബാദ്: പാകിസ്ഥാനിലെ സൈനിക ആസ്ഥാനത്ത് ഉഗ്രസ്ഫോടനം. ക്വറ്റയിൽ സ്ഥിതിചെയ്യുന്ന സൈനിക ആസ്ഥാനത്താണ് സ്ഫോടനമുണ്ടായത്. നടന്നത് ചാവേറാക്രമണം എന്നാണ് നിഗമനം. അപകടത്തിൽ സൈനികർ ഉൾപ്പെടെ നിരവധി പേർ മരണപ്പെടുകയും ധാരാളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവർ സമീപ ആശുപത്രികളിൽ ചികിത്സയിലാണ്.
ആക്രമണത്തിന് പിന്നിൽ ബലൂച് വിമതരെന്നാണ് റിപ്പോർട്ട്. സ്ഫോടനത്തിൽ സമീപപ്രദേശങ്ങളിലെ വീടുകളും കെട്ടിടങ്ങളും തകർന്നു. ചില വീടുകൾ ഭാഗികമായും ചിലത് പൂർണമായും തകർന്നിട്ടുണ്ട്. സ്ഫോടക വസ്തുക്കൾ നിറച്ച വാഹനം മോഡൽ ടൗണിൽ നിന്ന് എഫ്സി ആസ്ഥാനത്തിന് സമീപമുള്ള ഹാലി റോഡിലേക്ക് തിരിയുന്നതിനിടെയായിരുന്നു സ്ഫോടനം. അപകടത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തുണ്ട്. മരണസംഖ്യ കൃത്യമായി കണക്കാക്കിയിട്ടില്ല. പൊലീസ്, ഡോക്ടർമാർ, ആരോഗ്യവിദഗ്ധർ മറ്റ് നഴ്സ് അസിസ്റ്റന്റ് ജീവനക്കാർ എന്നിവരോട് ജോലിയിൽ സജീവമാകാൻ അധികൃതർ നിർദേശിച്ചിട്ടുണ്ട്.















