ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ക്വറ്റയിലുണ്ടായ സ്ഫോടനത്തിൽ 13 പേർ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. സ്ഫോടനത്തിൽ 32 പേർക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുള്ളതായി ബലൂചിസ്ഥാൻ ആരോഗ്യമന്ത്രി അറിയിച്ചു. പരിക്കേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.
ക്വറ്റയിലെ സർഗൂൺ റോഡിലുള്ള പാകിസ്ഥാൻ അർദ്ധസൈനിക വിഭാഗമായ എഫ്സി ആസ്ഥാനത്തിന് സമീപമാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിന് ശേഷം വെടിയൊച്ച കേട്ടതായും പ്രദേശവാസികൾ പറഞ്ഞു. തിരക്കേറിയ റോഡിലാണ് സ്ഫോടനം ഉണ്ടായത്. നഗരത്തിലും പരിസരപ്രദേശങ്ങളിലും പൊട്ടിത്തെറിയുടെ പ്രകമ്പനം അനുഭവപ്പെട്ടു. ചാവേർ ആക്രമണമെന്നാണ് റിപ്പോർട്ട്. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണം ഉണ്ടായിട്ടില്ല.
സ്ഫോടക വസ്തുക്കൾ നിറച്ച വാഹനം മോഡൽ ടൗണിൽ നിന്ന് എഫ്സി ആസ്ഥാനത്തിന് സമീപമുള്ള ഹാലി റോഡിലേക്ക് തിരിയുന്നതിനിടെയായിരുന്നു സ്ഫോടനം. അപകടത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. സ്ഫോടനത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.















