ചെന്നൈ: തിരുവണ്ണാമലയിൽ വാഹന പരിശോധനയ്‌ക്കിടെ 19 കാരിയെ പൊലീസുകാർ കൂട്ടബലാത്സംഗം ചെയ്തു. ആന്ധ്ര സ്വദേശിയായ പെൺകുട്ടിയെ സഹോദരിക്ക് മുന്നിൽ വച്ചാണ് പീഡിപ്പിച്ചത്. പിന്നീട് റോഡരികിൽ ഉപേക്ഷിച്ച് പൊലീസുകാർ കടന്നു കളഞ്ഞു. കോൺസ്റ്റബിൾമാരായ സുരേഷ് രാജ്(33), സുന്ദർ (36) എന്നിവർ ചേർന്നാണ് പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്.
തിരുണ്ണാമലൈ ജില്ലയിലെ ഏൻഡൽ ബൈപാസിന് സമീപം ഇന്ന് പുലർച്ച രണ്ട് മണിയോടെയായിരുന്നു സംഭവം. ആന്ധ്രയിലെ ചിറ്റൂരിൽ നിന്നും പഴങ്ങൾ കയറ്റിയ വാഹനത്തിൽ അരുണാചലേശ്വര ക്ഷേത്രത്തിലേക്ക് വരികയായിരുന്നു പെൺകുട്ടികൾ.
ചെക്ക് പോസ്റ്റിൽ വച്ച് ഇവരുടെ വാഹനം തിരുവണ്ണാമല ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾമാരായ സുരേഷ് രാജ്, സുന്ദർ ചേർന്ന് തടഞ്ഞു. ക്ഷേത്ര ദർശനത്തിന് എത്തിയതാണ് എന്ന് പറഞ്ഞെങ്കിലും ഡ്രൈവറെയും പെൺകുട്ടികളെയും വാഹനത്തിൽ നിന്ന് ഇറക്കിവിട്ടു.
ഇതിനിടെ ഡ്രൈവർ തന്റെ വാഹനവുമായി കടന്നു കളഞ്ഞു. പീന്നീട് പൊലീസ് വാഹനത്തിൽ ക്ഷേത്രത്തിൽ എത്തിക്കാമെന്ന് പറഞ്ഞ് പ്രതികൾ മൂന്ന് കിലോമീറ്റർ അകലെയുള്ള വില്ലുപുരം റോഡിൽ എത്തിച്ച് ഒരാളെ മർദ്ദിച്ച് അവശയാക്കിയ ശേഷം മറ്റെയാളെ ബലാത്സംഗം ചെയ്യുകയായിരുന്നു.
പുലർച്ചെ വിജനമായ ഇടത്ത് സഹോദരിമാരെ ഉപേക്ഷിച്ച് പൊലസുകാർ കടന്നു കളഞ്ഞു. നാട്ടുകാരാണ് അവശനിലയിലായ പെൺകുട്ടികളെ കണ്ടെത്തി ആശുപത്രിയിൽ എത്തിച്ചത്. ഇരുവരും തിരുവണ്ണാമല ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സുരേഷ് രാജിനെയും സുന്ദറിനെയും അറസ്റ്റ് ചെയ്തു.















