വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ചെത്തുന്ന ചിത്രമാണ് പാട്രിയറ്റ്. മലയാളസിനിമാലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, നയൻതാര, രേവതി തുടങ്ങിയ താരങ്ങളും അണിനിരക്കുന്നുണ്ട്. ഇന്ന് റിലീസ് ചെയ്ത പാട്രിയേറ്റിന്റെ ടീസർ സോഷ്യൽമീഡിയയിൽ ഇതിനോടകം ഏറെ ശ്രദ്ധപിടിച്ചുപറ്റി.
മഹേഷ് നാരായണൻ ഒരുക്കുന്ന ചിത്രം ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ ജി അനിൽകുമാർ എന്നിവർ ചേർന്നാണ് നിർമാണം. നിരവധി ആക്ഷനും ത്രില്ലറും കോർത്തിണക്കി അത്യുഗ്രൻ ദൃശ്യവിരുന്ന് തന്നെയാണ് ടീസറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
മമ്മൂട്ടി, മോഹൻലാൽ ആരാധകരെ ആവേശത്തിന്റെ കൊടുമുടിയിൽ എത്തിക്കുന്നതാണ് പുറത്തുവന്ന ടീസർ. പ്രേക്ഷകർ പ്രതീക്ഷച്ചതിനേക്കാൾ അതിഗംഭീര ആവിഷ്കാരമാണ് മഹേഷ് നാരായണൻ ഒരുക്കിയിരിക്കുന്നതെന്നാണ് ടീസർ നൽകുന്ന സൂചന.
ശ്രീലങ്ക, അസർബൈജാൻ, ഡൽഹി, ഷാർജ, ലഡാക്ക് എന്നിവിടങ്ങളിലാണ് ഷൂട്ടിംഗ് നടന്നത്. നിലവിൽ ഹൈദരാബാദ് ഷെഡ്യൂളിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്.















