വാഷിംഗ്ടൺ: ട്രാൻസ്ജെൻഡർ വിഭാഗങ്ങൾക്ക് പിന്തുണ നൽകുന്ന ഏതൊരു സംഘടനയ്‌ക്കോ സർക്കാരിനോ നൽകുന്ന ഫെഡറൽ ഫണ്ടിംഗ് നിർത്തിവയ്ക്കാൻ യുഎസിന്റെ നീക്കം. ട്രാൻസ്ജെൻഡർ വിഭാഗത്തെ പിന്തുണയ്ക്കുന്ന വിദേശ സ്ഥാപനങ്ങൾക്ക് നൽകുന്ന ഫണ്ടിംഗ് നിർത്തിവയ്‌ക്കാനാണ് ട്രംപ് ഭരണകൂടം പദ്ധതിയിടുന്നത്. അമേരിക്കൻ മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.
എൽജിബിടിക്യു സമൂഹത്തെ പിന്തുണയ്‌ക്കുന്ന വിദേശ സ്ഥാപനങ്ങൾക്ക് നൽകുന്ന ഫണ്ടിംഗും നിർത്തലാക്കുമെന്നാണ് വിവരം. ട്രാൻസ്ജെൻഡർ, എൽജിബിടിക്യു സമൂഹം എന്നിവരെ പ്രോത്സാഹിപ്പിക്കുകയും പിന്തുണക്കുകയും ചെയ്യുന്ന എല്ലാ സന്നദ്ധ സംഘടനകൾക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വിദേശ സർക്കാരുകൾ, ഐക്യരാഷ്‌ട്രസഭ നടത്തുന്ന പരിപാടികൾ, എൻജിഒകൾ, അന്താരാഷ്‌ട്ര സംഘടനകൾ എന്നിവയ്‌ക്കും വിലക്ക് ബാധകമാണ്.
യുഎസ് പ്രസിഡന്റായി അധികാരമേറ്റതിന് ശേഷം നിരവധി നിർണായക തീരുമാനങ്ങളാണ് ഡോണാൾഡ് ട്രംപ് സ്വീകരിച്ചത്. അതിൽ ഏറ്റവും ചർച്ചയായ ഒന്നാണ് ട്രാൻസ്ജെൻഡർ വിഭാഗത്തിനെതിരെ എടുത്ത ഓരോ പരിഷ്കാരങ്ങളും. ട്രാൻസ്ജെൻഡറുകളെ സൈന്യം, സ്കൂൾ എന്നിവിടങ്ങളിൽ നിന്നും പുറത്താക്കുമെന്ന് പൊതുവേദിയിൽ ട്രംപ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ട്രാൻസ്ജെൻഡർ സമൂഹത്തെ പിന്തുണയ്‌ക്കുന്ന മറ്റ് രാജ്യങ്ങൾക്കെതിരെയും ട്രംപിന്റെ നീക്കം.















