ന്യൂഡൽഹി: പാകിസ്ഥാൻ ഭീകരതയെ പിന്തുണയ്‌ക്കുന്നത് അവസാനിപ്പിച്ചില്ലെങ്കിൽ ലോകഭൂപടത്തിൽ സ്ഥാനമുണ്ടാകില്ലെന്ന് കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി. ഇന്ത്യൻ സൈന്യത്തിന്റെ ഭാഗത്ത് നിന്ന് ഒരു തരത്തിലുള്ള സംയമനവും ഉണ്ടാകില്ലെന്നും ഉപേന്ദ്ര ദ്വിവേദി പറഞ്ഞു. രാജസ്ഥാനിലെ അനുപഗഡിലെ സൈനികകേന്ദ്രത്തിൽ സൈനികരെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് പാകിസ്ഥാന് മുന്നറിയിപ്പ് നൽകിയത്.
“പാകിസ്ഥാൻ ഭൂപടത്തിൽ നിലനിൽക്കണമെങ്കിൽ ഭീകരതയെ പിന്തുണയ്ക്കുന്നത് അവസാനിപ്പിക്കണം. ഓപ്പറേഷൻ സിന്ദൂർ 1.0 ദൗത്യത്തിൽ കാണിച്ച സംയമനം പോലും ഇനി നമ്മൾ കാണിക്കില്ല. പാകിസ്ഥാൻ ലോകഭൂപടത്തിൽ നിലനിൽക്കണോ വേണ്ടയോ എന്ന് ആലോചിക്കും. നമ്മുടെ എല്ലാ സൈനികരും തയാറായിരിക്കണം”.
പാകിസ്ഥാനിലുള്ള ഭീകരരുടെ ഒളിത്താവളങ്ങളെ കുറിച്ചുള്ള തെളിവുകൾ നമ്മൾ ലോകത്തിന് നൽകിയിട്ടുണ്ട്. ഓപ്പറേഷൻ സിന്ദൂർ നടന്നപ്പോൾ ലോകം മുഴുവൻ ഇന്ത്യയ്‌ക്കൊപ്പം നിന്നു. പാക് സൈനിക കേന്ദ്രങ്ങളും ഭീകരരുടെ ഒളിത്താവളങ്ങളും തകർത്തു. ഭീകരരെ ഇല്ലാതാക്കുക എന്നത് മാത്രമായിരുന്നു നമ്മുടെ ലക്ഷ്യം. വരാനിരിക്കുന്ന പോരാട്ടം സൈന്യത്തിന്റേത് മാത്രമല്ല, രാജ്യത്തിന്റെ പോരാട്ടമാണ്. അതിർത്തിപ്രദേശത്ത് താമസിക്കുന്നവരെയും സൈനികരായാണ് ഞങ്ങൾ കാണുന്നത്. അവർ തങ്ങൾക്കൊപ്പം തോളോട് ചേർന്ന് നിൽക്കുമെന്നും ഉപേന്ദ്ര ദ്വിവേദി പറഞ്ഞു.















