ന്യൂഡൽഹി: വെനസ്വേലയുടെ വ്യോമാതിർത്തിക്ക് സമീപം അമേരിക്കൻ യുദ്ധവിമാനങ്ങൾ കണ്ടെത്തി. വെനസ്വേലയുടെ തീരത്തായി യുഎസിന്റെ അഞ്ച് യുദ്ധവിമാനങ്ങൾ കണ്ടതായി പ്രതിരോധ മന്ത്രി ജനറൽ വ്ളാഡിമർ പാഡ്രിനോ അറിയിച്ചു. വിമാനങ്ങളെ കുറിച്ചുള്ള വിവരങ്ങൾ എയർലൈൻ കൺട്രോൾ ടവറിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുഎസിന്റേത് മനഃപൂർവ്വമുള്ള പ്രകോപനവും രാജ്യത്തിന്റെ സുരക്ഷയ്‌ക്ക് ഭീഷണിയുമാണെന്ന് പ്രതിരോധ മന്ത്രി പറഞ്ഞു. വെനസ്വേലൻ തീരത്ത് നിന്ന് 75 കിലോമീറ്റർ അകലെയാണ് വിമാനങ്ങൾ പ്രത്യക്ഷപ്പെട്ടത്. യുഎസ് വിമാനങ്ങളുടെ സാന്നിധ്യം കടന്നുകയറ്റമാണ്. രാജ്യത്തിന്റെ പരമാധികാരത്തിന് നേരെയുള്ള ആക്രമണമാണിതെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
കരീബിയൻ കടലിലൂടെ മയക്കുമരുന്ന് കടത്ത് നടക്കുന്നുണ്ടെന്ന ആരോപണത്തെ തുടർന്ന് കഴിഞ്ഞ മാസം പത്ത് എഫ്-35 വിമാനങ്ങൾ യുഎസ് വിന്യസിച്ചിരുന്നു. പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ നിർദേശപ്രകാരമാണ് വിമാനങ്ങൾ വിന്യസിച്ചത്. കൂടാതെ എട്ട് യുദ്ധക്കപ്പലുകളും ആണവ അന്തർവാഹിനിയും വിന്യസിച്ചിട്ടുണ്ട്. അമേരിക്കയെ സംരക്ഷിക്കുക, സമുദ്രമാർഗമുള്ള മയക്കുമരുന്ന് കടത്ത് തടയുക എന്നിവ ലക്ഷ്യമിട്ടാണ് ഈ നടപടികളെന്നാണ് ട്രംപിന്റെ വാദം.















