കൊൽക്കത്ത: പശ്ചിമബംഗാളിലെ ദുർഗാപൂരിൽ മെഡിക്കൽ കോളേജ് വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത കേസിൽ മൂന്ന് പേർ അറസ്റ്റിൽ. കേസിൽ രണ്ട് പേർ ഒളിവിലാണെന്നും ഇവർക്കായി അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു. ദുർഗാപൂരിലെ ശോഭാപൂരിനടുത്തുള്ള ഒരു സ്വകാര്യ മെഡിക്കൽ കോളേജിലെ രണ്ടാം വർഷ എംബിബിഎസ് വിദ്യാർത്ഥിനിയാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്.
സ്ത്രീകൾക്ക് നേരെയുള്ള ആക്രമണം പശ്ചിമബംഗാളിൽ വർദ്ധിക്കുകയാണെന്നും മമത സർക്കാരിന്റേത് കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണെന്നും ബിജെപി നേതാക്കൾ വിമർശിച്ചു. ആർ ജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജൂനിയർ ഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഇപ്പോഴും ദുരൂഹത മാറാതെ നിൽക്കുന്നതിനിടെയാണ് വീണ്ടും ദാരുണമായ സംഭവം ഉണ്ടായിരിക്കുന്നത്.
മെഡിക്കൽ കോളേജിന്റെ വളപ്പിൽ വച്ചാണ് പെൺകുട്ടി ബലാത്സംഗത്തിനിരയായത്. ദുര്‍ഗാപൂരിലെ ശോഭാപൂരിലുള്ള സ്വകാര്യ മെഡിക്കല്‍ കോളജിലാണ് സംഭവം. വിദ്യാര്‍ത്ഥിനി ആണ്‍സുഹൃത്തിനൊപ്പം രാത്രി 8.30-ന് മെഡിക്കല്‍ കോളേജ് ക്യാമ്പസിന് പുറത്തേക്ക് വരുന്നതിനിടെയാണ് അക്രമം. ഗേറ്റിന് സമീപത്തെത്തിയ സംഘം പെൺകുട്ടിയെ അക്രമിച്ച് ആശുപത്രിക്ക് പുറത്തേക്ക് വലിച്ചിഴച്ചുകൊണ്ടു പോവുകയും പീഡിപ്പിക്കുകയും ചെയ്തു. സംഭവത്തില്‍ മെഡിക്കല്‍ കോളജ് ജീവനക്കാര്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍, ഒപ്പമുണ്ടായിരുന്ന ആണ്‍സുഹൃത്ത് തുടങ്ങിയവരില്‍ നിന്നും പൊലീസ് മൊഴിയെടുത്തിട്ടുണ്ട്.















