വാഷിംഗ്ടൺ: ചൈനയുടെ ഇറക്കുമതി തീരുവ നൂറ് ശതമാനം വർദ്ധിപ്പിച്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ വിമർശിച്ച് ചൈന. ഇരട്ടത്താപ്പ് എന്നാണ് യുഎസ് നടപടിയെ ചൈന പരാമർശിച്ചത്. ഇരട്ടത്താപ്പിന്റെ ഉദാഹരണമാണ് തീരുവ വർദ്ധിപ്പിച്ച ഈ നീക്കമെന്നും തങ്ങൾക്ക് യുദ്ധം ചെയ്യാൻ താത്പര്യമില്ലെന്നും ചൈന വ്യക്തമാക്കി.
മാഡ്രിഡിൽ നടന്ന യുഎസ്-ചൈന സാമ്പത്തിക- വ്യാപാര ചർച്ചകൾക്ക് ശേഷം ചൈനയ്‌ക്കെതിരെ യുഎസ് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. തീരുവ ഉയർത്തി ഭീഷണിപ്പെടുത്തുന്നത് ശരിയായ സമീപനമല്ലെന്നും സമീപകാലങ്ങളിൽ നടന്ന യുഎസിന്റെ വ്യാപാരനീക്കങ്ങൾ ശരിയായിരുന്നില്ലെന്നും ചൈനീസ് വാണിജ്യമന്ത്രാലയം പരാമർശിച്ചു.
വ്യാപാരയുദ്ധത്തിൽ ചൈനയുടെ നിലപാട് ഉറച്ചതാണ്. തെറ്റായ നടപടികൾ യുഎസ് ഉടൻ തിരുത്തണം. താരിഫ് യുദ്ധത്തിന് ഞങ്ങൾ ആഗ്രഹിക്കുന്നില്ല. അങ്ങനെ വന്നുകഴിഞ്ഞാൽ ഒരിക്കലും ഭയപ്പെടില്ല. ഈ നടപടികൾ ചൈനയുടെ താത്പര്യങ്ങൾക്ക് കടുത്ത ദോഷം വരുത്തും. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക, വ്യാപാര ചർച്ചകളുടെ അന്തരീഷത്തെ ദുർബലപ്പെടുത്തുന്നതാണെന്നും വാണിജ്യ മന്ത്രാലയം അറിയിച്ചു.















