കാബൂൾ: പാകിസ്ഥാൻ- അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ ശക്തമായ ഏറ്റുമുട്ടൽ. പാക്-അഫ്ഗാൻ സൈന്യങ്ങൾ അതിർത്തി പോസ്റ്റുകളിൽ ഏറ്റുമുട്ടി. പാകിസ്ഥാന്റെ 25 പോസ്റ്റുകൾ പിടിച്ചെടുത്തതായി അഫ്ഗാൻ അധികൃതർ വ്യക്തമാക്കി. ഏറ്റുമുട്ടലിൽ 58 പാക് സൈനികർ കൊല്ലപ്പെട്ടു. ആക്രമണങ്ങൾ തുടരുന്ന സാഹചര്യത്തിൽ അതിർത്തിയിലെ ചെക്ക്പോസ്റ്റുകൾ അടച്ചു.
വ്യോമാക്രമണം നടന്നതിന് പിന്നാലെയാണ് പാകിസ്ഥാനെതിരെ തിരിച്ചടിക്കാൻ അഫ്ഗാൻ സൈന്യം തീരുമാനിച്ചത്. പാക്- അഫ്ഗാൻ അതിർത്തി പ്രദേശങ്ങളിൽ പലയിടത്തും ഏറ്റുമുട്ടൽ നടക്കുന്നതായാണ് വിവരം.
അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ രണ്ട് സ്ഫോടനങ്ങൾ നടന്നിരുന്നു. അതിർത്തി പ്രദേശങ്ങളിൽ വിവിധയിടങ്ങളിൽ ആക്രമണങ്ങളും സ്ഫോടനങ്ങളുമുണ്ടായി. നിരവധി പാക് സൈനികർക്ക് പരിക്കേറ്റിട്ടുണ്ട്. ഏറ്റുമുട്ടലിൽ അഫ്ഗാൻ സേനയിലെ ഒമ്പത് സൈനികർ കൊല്ലപ്പെടുകയും 16 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
രാജ്യത്തിന്റെ അതിർത്തികൾ സംരക്ഷിക്കാനും അക്രമങ്ങൾ പ്രതിരോധിക്കാനും തങ്ങൾ പൂർണ സജ്ജരാണെന്ന് അഫ്ഗാനിസ്ഥാൻ പ്രതിരോധമന്ത്രി മൗലവി മുഹമ്മദ് യാക്കൂബ് മുജാഹിദ് പറഞ്ഞു.















