കോട്ടയം: കൊച്ചി പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ഹിജാബ് വിവാദത്തിൽ പ്രതികരിച്ച് ബിജെപി നേതാവ് എൻ.ഹരി. കേരളം ഒരു പൊട്ടിത്തെറിയുടെ വക്കീലാണെന്ന് ഒരിക്കൽക്കൂടി ഓർമ്മിപ്പിക്കുന്നതാണ് ഈ സംഭവമെന്നും നിരോധിത സംഘടനയുടെ ഭീഷണി കാരണം സ്കൂളിന്റെ പ്രവർത്തനം പോലും നിർത്തിവയ്‌ക്കേണ്ടി വന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനാദ്ധ്യാപിക സ്കൂളിന് രണ്ട് ദിവസം അവധി നൽകി. അദ്ധ്യായനം തുടരാൻ സാധിക്കാത്ത സാഹചര്യമാണ് സ്കൂളിലുള്ളതെന്നാണ് അദ്ധ്യാപിക പറയുന്നത്. നവ കേരളത്തെ കുറിച്ചും പുരോഗമന പ്രസ്ഥാനങ്ങളെ കുറിച്ചും ആവേശത്തോടെ സംസാരിക്കുന്ന സഖാക്കന്മാരുടെയും ഇതര രാഷ്‌ട്രീയ പാർട്ടികളുടെയും ഈ വിഷയത്തിലുള്ള നിശബ്ദത ഭീതിദമാണ്.
ഹൈന്ദവ ക്ഷേത്രങ്ങളെ കൊള്ളയടിച്ചും ആചാരലംഘനം നടത്തിയും വിപ്ലവം സൃഷ്ടിക്കുന്ന ഭരണാധിപന്മാർ ഈ സ്കൂൾ അനുഭവിക്കുന്ന പ്രയാസം ഒന്ന് കണ്ണുതുറന്ന് കാണണം. ഒരു മാനേജ്മെന്റ് എന്ന നിലയിൽ തങ്ങളുടെ സ്വാതന്ത്ര്യവും അവകാശവും ഹനിക്കപ്പെടരുത് എന്ന ഒരു അഭ്യർത്ഥന മാത്രമേ സ്കൂൾ അധികൃതർക്കുള്ളു.
പാലാ പിതാവ് നൽകിയ മുന്നറിയിപ്പ് അവഗണിച്ച നേതാക്കൾ വിദ്യാഭ്യാസ മേഖലയിൽ നടപ്പാക്കുന്ന മതവൽക്കരണം കാണാതെ പോകരുത്. രാജ്യാന്തര തീവ്രവാദശക്തികളുടെ സ്ലീപ്പർ സെല്ലുകളാണ് ഇത്തരത്തിലുള്ള അന്തരീക്ഷം സ്കൂളുകളിൽ പോലും സൃഷ്ടിക്കുന്നത്. പഠനത്തേക്കാൾ ഉപരിയായി തങ്ങളുടെ ഇസം അടിച്ചേൽപ്പിക്കാനുള്ള നീക്കമാണിത്. സംസ്ഥാന ഭരണകൂടം കയ്യുംകെട്ടി നോക്കി നിൽക്കാതെ ഇതിന് പിന്നിലുള്ള ശക്തികളെ പുറത്തുകൊണ്ടുവരണം. സ്കൂളിൽ അദ്ധ്യയനം നടത്തുന്നതിനുള്ള സാഹചര്യം അടിയന്തരമായി ഒരുക്കണമെന്നും അദ്ദേഹം പറഞ്ഞു.















