ഇസ്ലാമാബാദ്: പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ മൂന്ന് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് താരങ്ങൾ ഉൾപ്പെടെ നിരവധി പേർ കൊല്ലപ്പെട്ടു. താരങ്ങളായ കബീർ, സിബ്ഗത്തുള്ള, ഹാരൂൺ എന്നിവരാണ് കൊല്ലപ്പെട്ടത്. സാധാരണക്കാരെ ലക്ഷ്യമിട്ട് നടത്തിയ പാക് വ്യോമാക്രമണത്തിൽ 40 പേർ കൊല്ലപ്പെട്ടു. കാണ്ഡഹാറിലെ സ്പിൻ ബോൾഡാക് ജില്ലയിലെ ജനവാസ മേഖലകളിലാണ് പാകിസ്ഥാൻ വ്യോമാക്രമണം നടത്തിയത്. അർദ്ധരാത്രിയോടെയാണ് സംഭവം.
കൊല്ലപ്പെട്ടവരിൽ അധികവും സ്ത്രീകളും കുട്ടികളുമാണ്. ആക്രമണത്തെ തുടർന്ന് പാകിസ്ഥാനുമായുള്ള ടൂർണമെന്റ് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് റദ്ദാക്കി. ക്രിക്കറ്റ് താരങ്ങളുടെ മരണത്തിൽ അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് അനുശോചിച്ചു. പാകിസ്ഥാൻ പങ്കെടുക്കുന്ന വരാനിരിക്കുന്ന ത്രിരാഷ്‌ട്ര ടി20 ടൂർണമെന്റിൽ നിന്ന് പിന്മാറുന്നതായി വാർത്താകുറിപ്പിലൂടെ ബോർഡ് അറിയിച്ചു.
പാകിസ്ഥാൻ മനഃപൂർവ്വം സാധാരണക്കാരെ ലക്ഷ്യമിട്ട് ആക്രമണം നടത്തുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറയുന്നു. ജനങ്ങൾ തിങ്ങിപാർക്കുന്ന സ്ഥലത്താണ് ആക്രമണം നടന്നത്. നിരവധി വീടുകൾക്ക് കനത്ത നാശനഷ്ടം ഉണ്ടായതായാണ് റിപ്പോർട്ട്.















