പാലക്കാട്: നെന്മാറയിലെ സജിതയെയും കുടുംബാംഗങ്ങളെയും കൊലപ്പെടുത്തിയ പ്രതി ചെന്താമരയ്‌ക്ക് ഇരട്ട ജീവപര്യന്തം. ജീവപര്യന്തം കൂടാതെ മൂന്നേകാൽ ലക്ഷം രൂപയും ശിക്ഷ വിധിച്ചിട്ടുണ്ട്. തെളിവ് നശിപ്പിക്കലിന് അഞ്ച് വർഷം തടവും കോടതി വിധിച്ചു. പാലക്കാട് അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയുടേതാണ് വിധി.
ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി. പിഴത്തുക സജിതയുടെ മക്കൾക്ക് നൽകും. കേസ് അപൂർവങ്ങളിൽ അപൂർവമായ കേസല്ലെന്നും പ്രതി കുറ്റം ആവർത്തിക്കാൻ സാധ്യതയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രതിക്ക് യാതൊരു മാനസിക പ്രശ്നങ്ങളുമില്ല. ഇയാൾ നന്നാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും പരോൾ നൽകേണ്ട സാഹചര്യം വന്നാൽ സാക്ഷികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു.
അതിക്രമിച്ചുകടക്കൽ, കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നിങ്ങനെ ചുമത്തിയ കുറ്റങ്ങളെല്ലാം തെളിഞ്ഞതായി കോടതി കണ്ടെത്തിയിരുന്നു. കേസിൽ ആറ് വർഷത്തിന് ശേഷമാണ് വിചാരണ നടപടികൾ പൂർത്തിയാക്കിയത്.
2019 ഓഗസ്റ്റ് 31-നാണ് സജിതയെ അയൽവാസിയായ ചെന്താമര വീട്ടിൽക്കയറി വെട്ടിക്കൊലപ്പെടുത്തിയത്. ചെന്താമരയുടെ ഭാര്യ പിണങ്ങിപ്പോകാൻ കാരണം സജിതയാണെന്ന് സംശയിച്ചായിരുന്നു കൊലപാതകം നടന്നത്. അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ചെന്താമര കഴിഞ്ഞ ജനുവരി 27-ന് സജിതയുടെ ഭർത്താവ് സുധാകരൻ, അമ്മ ലക്ഷ്മി എന്നിവരെ വെട്ടിക്കൊലപ്പെടുത്തി.















