ഹൈദരാബാദ്: കുപ്രസിദ്ധ ഗുണ്ട നേതാവിനെ പൊലീസ് വെടിവച്ചു കൊന്നു. പൊലീസ് കോൺസ്റ്റബിളിനെ കുത്തിക്കൊന്ന കേസിലെ പ്രതി ഷെയ്ഖ് റിയാസാണ് നിസമാബാദിൽ കൊല്ലപ്പെട്ടത്. വൈദ്യപരിശോധനയ്ക്കിടെയാണ് സംഭവം.
ആന്ധ്ര പൊലീസിന് സ്ഥിരം തലവേദനയായിരുന്നു ഷെയ്ഖ് റിയാസ്. നിരവധി തവണ ഇയാളെ പിടികൂടാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഒടുവിൽ കഴിഞ്ഞ ഞായറാഴ്ചയാണ് ഇയാളെ പൊലീസ് വളഞ്ഞിട്ട് കസ്റ്റഡിയിലെടുത്തത്. കീഴ്പ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് ഇയാൾ പൊലീസ് കോൺസ്റ്റബിളിനെ കുത്തിക്കൊന്നത്. കൂടാതെ ഇയാളെ കുറിച്ച് പൊലീസിന് വിവരം കൈമാറിയെ യുവാവിനെയും ഗുരുതരമായി ആക്രമിച്ചിരുന്നു.
അറസ്റ്റിന് പിന്നാലെ വലിയ പൊലീസ് സന്നാഹത്തോടെയാണ് ഷെയ്ഖ് റിയാസാ വൈദ്യ പരിശോധനയ്ക്ക് എത്തിച്ചത്. ഇതിനിടെ ഇയാൾ പൊലീസിൽ നിന്ന് തോക്ക് തട്ടിയെടുത്ത് വെടിവെച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. പിന്നാലെ പൊലീസ് ഷെയ്ഖ് റിയാസിന് നേരെ വെടിയുതിർക്കുകയായിരുന്നു. ഷെയ്ഖ് റിയാസിന്റെ ആക്രമണത്തിൽ പൊലീസ് കോൺസ്റ്റബിളിന് പരിക്കേറ്റിട്ടുണ്ട്.















