കറുപ്പണിഞ്ഞ് ഇരുമുടികെട്ടുമായി രാഷ്‌ട്രത്തിന്റെ പ്രഥമ വനിത അയ്യനെ കാണാൻ സന്നിധാനത്തേക്ക് യാത്ര തിരിച്ചു. പമ്പ ഗണപതി ക്ഷേത്രത്തിൽ നിന്നുമാണ് രാഷ്‌ട്രപതി ദ്രൗപദി മുർമു കെട്ടു നിറച്ചത്. ശരണമന്ത്രങ്ങളുടെ അകമ്പടിയോടെയായിരുന്നു കെട്ടുനിറ. പൂർണ്ണമായും ആചാരാനുഷ്ഠാനങ്ങൾ പാലിച്ചാണ് പ്രഥമ വനിത അയ്യനെ കാണാൻ എത്തുന്നത്. സുരക്ഷാ ഉദ്യോഗസ്ഥരും രാഷ്‌ട്രപതിക്കൊപ്പം പമ്പ ഗണപതി ക്ഷേത്രത്തിൽ നിന്നുമാണ് കെട്ടുനിറച്ചത്.
പ്രമാടത്തിൽ നിന്നും റോഡ് മാർഗമാണ് രാഷ്‌ട്രപതി പമ്പ ഗണപതി ക്ഷേത്രത്തിൽ എത്തിയത്. ആദ്യമായാണ് രാഷ്‌ട്രപതി മല ചവിട്ടുന്നത്. സ്വാമി അയ്യപ്പൻ റോഡ് വഴി ഗുർഖാ വാഹനത്തിൽ ആദ്യം മരക്കൂട്ടത്ത് എത്തും. അവിടെ നിന്നും ദേവസ്വം കോംപ്ലക്ലിലേക്കാണ് രാഷ്‌ട്രപതി പോകുക. അവിടെ വിശ്രമിച്ച ശേഷം 12.20 ന് പൊന്നു പടിനെട്ടാം പടി ചവിട്ടി രാഷ്‌ട്രപതി അയ്യപ്പ ദർശനം നടത്തും.
രാഷ്‌ട്രപതിയുടേത് അടക്കം അഞ്ച് വാഹനങ്ങളാണ് മലകയറുന്നത്. സന്നിധാനത്ത് പഴുതടച്ച സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. തന്ത്രിയും മേൽശാന്തിയും അടക്കം പത്ത് പേർക്കാണ് ശ്രീകോവിലിന് സമീപം അനുമതിയുള്ളത്.















