തൃശൂർ: പൊലീസ് കസ്റ്റിഡിയിലെടുത്ത യുവാവ് ജീവനൊടുക്കിയ നിലയിൽ. കുറ്റിച്ചിറ സ്വദേശി ലിന്റോയാണ് മരിച്ചത്. വടിവാൾ ഉപയോഗിച്ച് യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസുമായി ബന്ധപ്പെട്ടാണ് ലിന്റോയെ പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസിന്റെ മാനസിക പീഡനമാണ് മകന്റെ ആത്മഹത്യയ്‌ക്ക് കാരണമെന്ന് കുടുംബം ആരോപിച്ചു.
പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളാണ് ലിന്റോയുടെ കുടുംബം ഉന്നയിക്കുന്നത്. പൊലീസിന്റെ ഭാഗത്ത് നിന്ന് സമ്മർദ്ദമുണ്ടായിരുന്നെന്നും ലിന്റോ ഭയപ്പെട്ടിരുന്നുവെന്നും സുഹൃത്തുക്കൾ പറഞ്ഞു.
കഴിഞ്ഞ 13-ാം തീയതിയാണ് ലിന്റോയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. വെട്ടുകേസുമായി ബന്ധപ്പെട്ട് വിവരങ്ങൾ ചോദിച്ചറിയാൻ എന്ന് പറഞ്ഞാണ് യുവാവിനെ കൂട്ടിക്കൊണ്ടുപോയത്. ഉടൻ തിരികെ പറഞ്ഞുവിടുമെന്നും പൊലീസ് അറിയിച്ചിരുന്നു. രാത്രി ഒരുമണിക്ക് ശേഷമാണ് ലിന്റോ വീട്ടിലെത്തിയത്. വീട്ടിൽ വന്നതിന് ശേഷം ലിന്റോ ഏറെ മാനസികസമ്മർദ്ദത്തിലായിരുന്നുവെന്ന് വീട്ടുകാർ പറഞ്ഞു.
പൊലീസ് വിളിപ്പിച്ചതിനെ കുറിച്ച് ലിന്റോ വീട്ടുകാരോട് പറഞ്ഞിരുന്നില്ല. കൂടാതെ മൊബൈൽ ഫോൺ സ്വിച്ച് ഓഫാക്കിവച്ചിരുന്നു. പ്രതിയെ കാണിച്ചുകൊടുത്തത് ലിന്റോ ആണെന്നുള്ള ഭീഷണി ചിലരുടെ ഭാഗത്ത് നിന്നുണ്ടായിരുന്നെന്നും ആരോപണമുണ്ട്. യുവാവിന്റെ ആത്മഹത്യയിൽ അന്വേഷണം ആരംഭിച്ചു.















