തിരുവനന്തപുരം: ലീഗ് നേതാവിന്റെ ബന്ധു ബി.ജെ.പിയിൽ അംഗത്വം സ്വീകരിച്ചു. എറണാകുളം സ്വദേശി ഷമീർ കെ മുഹമ്മദാണ് അംഗത്വ സ്വീകരിച്ചത്. സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ കാവി ഷാൾ അണിച്ചാണ് അദ്ദേഹത്തെ ദേശീയതയിലേക്ക് സ്വീകരിച്ചത്.
ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ. എം അബ്ദുൾ മജീദിന്റെ കുടുംബാംഗമാണ് ഷമീർ കെ മുഹമ്മദ്. ഇലക്ട്രോണിക്സിൽ പിഎച്ച്ഡി നേടിയ അദ്ദേഹം ജയ്ഭാരത് എൻജിനിയറിംഗ് ആന്റ് ടെക്നോളജീസിന്റെ പ്രിൻസിപ്പളായി പ്രവർത്തിച്ചിട്ടുണ്ട്.
രാജ്യത്തിന്റെ ഭാവി പ്രധാനമന്ത്രി നരേന്ദ്രമോദിയിൽ സുരക്ഷിതമാണെന്ന് ഷമീർ കെ മുഹമ്മദ് പറഞ്ഞു. മതമൗലീകവാദം കൊണ്ടും തീവ്രവാദം കൊണ്ടും ഏറ്റവും കൂടുതൽ നഷ്ടം സംഭവിച്ച സമൂഹത്തിൽ നിന്നാണ് ഞാൻ വരുന്നത്. മതമൗലീകവാദികളല്ല മതേതരത്വം നിശ്ചയിക്കേണ്ടത്. എല്ലാവർക്കും സമാധാനത്തോടെ ജീവിക്കാൻ കഴിയുന്ന സാഹചര്യമാണ് എന്റെ കാഴ്ചപ്പാടിൽ മതേതരത്വമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.















